കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബി.ജെ.പയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്.
നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി. അതിന് ശേഷം പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രിയാണ് അമിത് ഷാ കൊച്ചിയിലെത്തുക.
രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തും. പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയില്‍ പങ്കെടുക്കും.
തുടര്‍ന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.
2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് കഞ്ചിക്കോട്ട് എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോ നടത്തും. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് പോകും.
അതേസമയം തലശേരിയിലും ദേവികുളത്തും ഗുരുവായൂരിലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തളളിയതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രിക തളളിയത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.
ജാഗ്രതകുറവാണ് തലശേരിയില്‍ ബി.ജെ.പിക്ക് വിനയായത് എന്ന വിമര്‍ശനം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഫോം എയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍. ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ സീല്‍ മാത്രമേ ഉണ്ടായിരുന്നുളളൂ, ഒപ്പുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും ഇവിടെ തളളിയിട്ടുണ്ട്.
തലശ്ശേരിയില്‍ കടുത്ത പ്രതിസന്ധിയാണ് ബി.ജെ.പി നേരിടുന്നത്. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ്. തലശ്ശേരിയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രന്‍ സി.ഒ.ടി നസീര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തലശേരിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചാലും തനിക്ക് ഭയമില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരും മാത്രമാണ് തലശ്ശേരിയില്‍ ശേഷിക്കുന്നത്. ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് ബി.ജെ.പിയുടെ നീക്കം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: AmithShas Thalassery Programme Cancelled