ജയ ബച്ചന്റെ ആദ്യ സിനിമയില്‍ നായകനായി ആദ്യം തീരുമാനിച്ചത് തന്നെയായിരുന്നു എന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തന്നെ ഒഴിവാക്കിയെന്നും അമിതാഭ് ബച്ചന്‍. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ രാജേഷ് ഖന്നക്കൊപ്പം മറ്റൊരു പടത്തിലും അഭിനയിച്ചതാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെടാനുള്ള കാരണമെന്നും താരം പറഞ്ഞു. കോന്‍ ബനേക കോര്‍പതി എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്
‘ജയയുടെ ആദ്യ സിനിമയില്‍ എന്നെയാണ് നായകനായി തീരുമാനിച്ചത്. ഞാന്‍ പത്ത് ദിവസം ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷമാണ് എന്നോട് ഇനി അഭിനയിക്കേണ്ട പൊക്കോളാന്‍ പറയുന്നത്. ആ സമയത്ത് രാജേഷ് ഖന്നക്കൊപ്പം ആനന്ദ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുകയായിരുന്നു. ഈ ചിത്രവുമായി മത്സരിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് എന്നോട് ആ സിനിമയില്‍ നിന്ന് ഒഴിവാകാന്‍ സംവിധായകന്‍ പറഞ്ഞത്. അദ്ദേഹം ആ കാര്യത്തെ കുറിച്ച് എന്നോട് പിന്നീട് പറഞ്ഞിരുന്നു,’ അമിതാഭ് ബച്ചന്‍ പറഞ്ഞു.
ആദ്യ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് ജയയുടെ നായകനായി തന്നെ അമിതാഭ് അഭിനയിച്ചു. അതിനുശേഷം നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. 1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന സിനിമക്ക് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആ സിനിമ വലിയ വിജയവുമായിരുന്നു.
ഇതേ പരിപാടിയുടെ മറ്റൊരു എപ്പിസോഡില്‍ ജയ ബച്ചനുമായിട്ടുള്ള ജീവിതത്തെ കുറിച്ചും അമിതാഭ് പറഞ്ഞിരുന്നു. നോര്‍ത്ത് ഇന്ത്യയിലെ സ്ത്രീകള്‍ ഭര്‍ത്താവിന് വേണ്ടി ആചരിക്കുന്ന കര്‍വ ചൗത്ത് എന്ന ചടങ്ങില്‍ താന്‍ ഉപവാസം എടുത്തിരുന്നുവെന്നാണ് അമിതാഭ് പറഞ്ഞത്. ജയയുമായിട്ടുള്ള വിവാഹം കഴിഞ്ഞ നാളുകളിലാണ് താനിങ്ങനെ ഉപവസിച്ചിട്ടുള്ളതെന്നും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ജയയുമായുള്ള വിവാഹത്തിന് ശേഷം ഞാന്‍ കര്‍വ ചൗത്ത് ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിന്റെ ഭാഗമായി ഞാന്‍ ഉപവാസവും എടുത്തിരുന്നു. പൊതുവെ സ്ത്രീകളാണ് ഈ ഉപവാസമെടുക്കുന്നത്. എന്നിട്ടും ഞാനെടുത്തു. കല്യാണം കഴിഞ്ഞതിന്റെ ആദ്യ നാളുകളിലാണ് ഇത്തരത്തിലുള്ള ചടങ്ങൊക്കെ ആചരിച്ചത്. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊക്കെ അവസാനിപ്പിച്ചു,’ അമിതാഭ് ബച്ചന്‍ പറഞ്ഞു.
content highlight: amithabh bachan talks about his wife jaya bachan