| Monday, 4th March 2019, 10:37 pm

ശബ്ദം മോശമാണെന്ന് 'ഓള്‍ ഇന്ത്യാ റേഡിയോ' അന്ന് പറഞ്ഞു; ഇന്നിപ്പോള്‍ ബോളിവുഡിലെ ബിഗ് ബിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശബ്ദം മോശമാണെന്ന കാരണത്താല്‍ “ഓള്‍ ഇന്ത്യാ റേഡിയോ” യില്‍ ജോലി ലഭിച്ചില്ലെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ജോലിക്കായുള്ള തന്റെ അപേക്ഷ “ഓള്‍ ഇന്ത്യ റേഡിയോ” രണ്ടു തവണ തള്ളി കളഞ്ഞതായും ബിഗ് ബി പറഞ്ഞു.

ഷാരൂഖ് ഖാനുമായുള്ള ചിറ്റ് ചാറ്റ് ഷോക്കിടെയാണ് ബച്ചന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാരൂഖ് നിര്‍മ്മിച്ച് അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുജോയ് ജോഷ് ചിത്രം “ബദല”യുടെ പ്രൊമോഷന്‍ന്റെ ഭാഗമായാണ് ചാറ്റ് ഷോ നടത്തിയത്. എട്ട് മിനിറ്റിന്റെ പ്രൊമോഷന്‍ വീഡിയോ ഷാരൂഖിന്റെ റെഡ്ചില്ലീസ് എന്റര്‍ടൈന്‍മന്‍സാണ് പുറത്തുവിട്ടത്.


സ്പാനിഷ് സിനിമയായ “ദ ഇന്‍വിസിബിള്‍ ഗസ്റ്റ്” എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ബദല. 2016ല്‍ പുറത്തിറങ്ങിയ “പിങ്ക്” എന്ന ചിത്രത്തിന് ശേഷം തപ്‌സി പന്നുവും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റെഡ്ചില്ലീസ് എന്റര്‍ടൈന്‍മെന്റ്‌സാണ്. ചിത്രത്തില്‍ അഭിഭാഷകനായാണ് ബച്ചന്‍ എത്തുന്നത്.

“ആദ്യ ചിത്രമായ “സാത് ഹിന്ദുസ്ഥാനി” അഭിനയിക്കുന്നത് 1969ലാണ്. അതിന് ലഭിച്ച പ്രതിഫലം 5,000 രൂപയായിരുന്നു സ്ഥിരമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്”- ബിഗ് ബി പറഞ്ഞു.


എന്തു കൊണ്ടാണ് ഷാരൂഖ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന ചോദ്യത്തിന് രസകരമായാണ് താരം മറുപടി പറഞ്ഞത്. “ചെറുപ്പം മുതല്‍ അമിതാഭ് ബച്ചന്റെ ചിത്രങ്ങള്‍ കാണാന്‍, കൂട്ടി വെക്കുന്ന പണമുപയോഗിച്ച് ബ്ലാക്കിന് ടിക്കറ്റ് എടുക്കുമായിരുന്നു.

എന്നാല്‍ കാലം കുറേ കഴിഞ്ഞിട്ടും താങ്കള്‍ക്കൊപ്പം ഒരു സിനിമ കാണാന്‍ ക്ഷണിക്കാത്തതിനാല്‍, അന്നേ തീരുമാനിച്ചതായിരുന്നു, ഒരിക്കല്‍ താനൊരു ബച്ചന്‍ സിനിമ നിര്‍മ്മിക്കുമെന്നും താങ്കളോടൊപ്പം ഇരുന്ന് ആ സിനിമ കാണുമെന്നും”- ഷാരൂഖ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more