അമിത്ഷായുടെ അഭിഭാഷകനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ
Daily News
അമിത്ഷായുടെ അഭിഭാഷകനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2014, 11:08 pm

[] ന്യൂദല്‍ഹി: അമിത്ഷായുടെ അഭിഭാഷകന്‍ ഉദയ് ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റേതാണ് ശുപാര്‍ശ ചെയ്തത്.

സൊഹ്‌റാബുദ്ദീന്‍, ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍  ഷായ്ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഉദയ് ലളിത്. അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു അമിത്ഷാ. ബി.ജെ.പി അധ്യക്ഷനായി അമിത്ഷാ  ചുമതലയേറ്റെടുത്തതിന്റെ തൊട്ടുപിന്നാലെയാണ് ഉദയ് ലളിതിനെ കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷാക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തള്ളിയിരുന്നു.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രഫുല്‍ ചന്ദ്ര ചന്ദ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ, ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരാണ് സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ഉദയ് ലളിതിനൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത അഭിഭാഷകര്‍.