Kerala News
അമിത് ഷാ ശബരിമലയിലേക്ക്; ഈ മണ്ഡലകാലത്ത് തന്നെ സന്നിധാനത്തെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 29, 02:01 am
Monday, 29th October 2018, 7:31 am

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മണ്ഡലകാലത്ത് ശബരിമലയിലെത്തിയേക്കും. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ ഇക്കാര്യം ധാരണയായി.

ശബരിമലയില്‍ ദര്‍ശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ തീയതി നിര്‍ദേശിട്ടില്ല.

ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു അമിത് ഷായുടെത്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള രാഷ്ട്രീയാവസരമായാണ് പാര്‍ട്ടി ഇതിനെ കാണുന്നത്.

ALSO READ: ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാനുള്ള തടി അമിത് ഷായ്ക്കില്ല; മറുപടിയുമായി മുഖ്യമന്ത്രി

നവംബര്‍ എട്ടു മുതല്‍ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും.

പ്രതിഷേധ പരിപാടികള്‍ എന്‍.ഡി.എയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. നേതാക്കളായ പി.എസ്. ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, പി. കെ. കൃഷ്ണദാസ്, എം.ഗണേഷ് എന്നിവര്‍ക്കൊപ്പം ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ഇന്നലെ കൂടിയാലോചനകളില്‍ പങ്കെടുത്തു.

ശിവഗിരിയില്‍ വച്ച് അമിത് ഷാ ആവശ്യപ്പെട്ടിട്ടും സമരത്തില്‍ സഹകരിക്കാനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ തിരിച്ചടിച്ചതിനു തുഷാറിനെ കൂടെ നിര്‍ത്തി മറുപടി നല്‍കാനാണു തീരുമാനം.

WATCH THIS VIDEO: