വരാണസി: കോണ്‍ഗ്രസും, സമാജ്‌വാദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ചു നിന്നാലും വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 403 നിയമസഭാ മണ്ഡലങ്ങളിലെ സംഘടനാഭാരവാഹികളും, ജില്ലാ-പ്രാദേശിക യൂണിറ്റ് നേതാക്കളും പങ്കെടുത്ത വരാണസിയിലെ യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
യോഗി സര്‍ക്കാരിന്റെ പൊലീസ് സംവിധാനത്തേയും, മാഫിയകള്‍ക്കെതിരായ നടപടികളേയും, മഹാമാരി കൈകാര്യം ചെയ്ത ആരോഗ്യമേഖലയേയും ഷാ പ്രകീര്‍ത്തിച്ചു.
മറ്റ് സര്‍ക്കാരുകള്‍ ഭരണവിരുദ്ധവികാരം നേരിട്ടപ്പോള്‍ ഭരണാനുകൂല വികാരം യോഗി സര്‍ക്കാരിനെ കൂടുതല്‍ ശക്തമാക്കിയെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2022 ലെ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ ദല്‍ഹിയിലേക്കുള്ള വിജയം യു.പി വഴിയാണെന്നും അതിനാല്‍ പാര്‍ട്ടി വിജയിക്കണമെങ്കില്‍ നേതാക്കളും പ്രവര്‍ത്തകരും പോളിംങ് ബൂത്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞു.
യു.പി ഭരണത്തിലേക്കുള്ള തിരിച്ചുവരവിനായി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ സജീവമാകുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ സ്വതന്ത്ര ദേവ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് തന്ത്രം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രവര്‍ത്തകരുടെ കരുത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി സംഘടനാ ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ, സ്വതന്ത്ര ദേവ് സിംഗ് എന്നിവര്‍ക്ക് പുറമേ 403 മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. നിര്‍ണായക യോഗത്തില്‍ ജനങ്ങളുമായുള്ള ആശയവിനിമയം വര്‍ദ്ധിപ്പിക്കേണ്ടതിന്റേയും പാര്‍ട്ടി വിപൂലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കേണ്ടതിന്റേയും ആവശ്യകത അമിത് ഷാ ഊന്നി പറഞ്ഞു.
അതേസമയം മറ്റ് പാര്‍ട്ടിയില്‍ നിന്ന് വലിയ അളവില്‍ അംഗങ്ങളെ ബി.ജെ.പിയിലേക്ക് ചേര്‍ക്കുന്നതിനായുള്ള നീക്കങ്ങളും ഇതിനിടെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ 300 ലധികം സീറ്റുകളില്‍ വിജയിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മണ്ഡലങ്ങളുടെ ചുമതലയുള്ളവരുമായും ജില്ലാ നേതാക്കളുമായും പ്രാദേശിക നേതാക്കളുമായും ചര്‍ച്ച ചെയ്തതായും സിങ് പറഞ്ഞു.