ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മേയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അവസരം നല്‍കിയാല്‍ സംസ്ഥാനത്ത് പ്രീണന രാഷ്ട്രീയം ശക്തമാകുമെന്നും അഴിമതിയും കെടുകാര്യസ്ഥതയും മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും ഷാ പറഞ്ഞു.
കര്‍ണാകയുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാനത്തെ നരേന്ദ്ര മോദിയുടെ കരങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാഗല്‍ക്കോട്ടില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഷായുടെ പ്രതികരണം.
രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കര്‍ണാടകയിലെത്തിയ അമിത് ഷാ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ നടത്തിയത്. ബി.ജെ.പിയോട് പിണങ്ങി പാര്‍ട്ടി വിട്ട നേതാക്കളെ സ്വീകരിച്ചത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കര്‍ണാടകയുടെ ഭാവിയെ ഒരിക്കല്‍ കൂടി മോദിയുടെ കൈകളില്‍ ഏല്‍പ്പിക്കാനുള്ള അവസരമാണ്. പുതിയ കര്‍ണാടകക്കായി നിങ്ങള്‍ വോട്ട് ചെയ്യണം. വികസനത്തിനും സത്യസന്ധതക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാത്തിന്റെ വികസനം റിവേഴ്‌സ് ഗിയറിലേക്ക് മാറും. ബി.ജെ.പിയില്‍ നിന്ന് വിട്ട് ചില നേതാക്കള്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവരെ പാര്‍ട്ടിയിലെടുത്ത് സീറ്റ് നല്‍കിയതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് തുറന്ന് കാട്ടിയത്.
വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് എല്ലാ കാലത്തും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. ഇനി ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാകും. സംസ്ഥാനത്ത് അഴിമതിയും കെടുകാര്യസ്ഥതയും വര്‍ധിക്കും. അതിന് കര്‍ണാടകയിലെ ജനങ്ങള്‍ അവസരം കൊടുക്കരുത്.
ലിംഗായത്ത് വിഭാഗത്തെ എല്ലാകാലത്തും അപമാനിച്ചവരാണ് കോണ്‍ഗ്രസ്. ഇന്നുവരെ രണ്ട് ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ മാത്രമേ കോണ്‍ഗ്രസിനുണ്ടായിട്ടുള്ളൂ. അവര്‍ രണ്ട് പേരെയും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു,’ അമിത് ഷാ പറഞ്ഞു.
മേയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന പ്രീ പോള്‍ സര്‍വെകള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും ബി.ജെ.പി തുടര്‍ഭരണം നേടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
നേരെത്തെ സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാറും, മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്.