ഗുവാഹത്തി: കോൺഗ്രസും മുസ്‌ലിം ലീഗുമായുള്ള സഖ്യത്തെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പാേഴായിരുന്നു വർഗീയ പരാമർശവുമായി അമിത് ഷാ രംഗത്തെത്തിയത്.
ബി.ജെ.പി വർഗീയ പാർട്ടിയാണെന്ന് പറയുന്ന കോൺഗ്രസിന് കേരളത്തിൽ മുസ്‌ലിം ലീഗുമായാണ് സഖ്യമെന്നാണ് അമിത് ഷാ പറഞ്ഞത്. അസമിനെ നുഴഞ്ഞുകയറ്റക്കാരിൽ നിന്നും രക്ഷിക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും കോൺഗ്രസ് അവർക്ക് ഗേറ്റ് തുറന്നുകൊടുക്കുമെന്നും അസമിൽ അമിത് ഷാ പറഞ്ഞു.
”നിങ്ങൾക്ക് അസമിനെ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കണോ വേണ്ടയോ?,കോൺഗ്രസിന് നുഴഞ്ഞുകയറ്റം നിർത്താൻ സാധിക്കുമോ? അവർ ഗേറ്റ് തുറന്നുകൊടുക്കുകയാണ് ചെയ്യുക.
ബി.ജെ.പിക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ. കോൺഗ്രസുകാർ ബി.ജെ.പി വർഗീയ പാർട്ടിയാണെന്ന് പറയുന്നു. എന്നിട്ട് അവർക്ക് കേരളത്തിൽ മുസ്‌ലിം ലീഗുമായാണ് കൂട്ടുകെട്ട്. അസമിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റ് ഫ്രണ്ടിന്റെ മൗലാന ബദറുദ്ദീൻ അജ്മലുമായും,” അമിത് ഷാ പറഞ്ഞു.
ബി.ജെ.പിയും സഖ്യകക്ഷികളും ചേർന്ന് അടുത്ത അസം സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ അസമിൽ പറഞ്ഞു. അസമിനെ അക്രമമില്ലാത്ത, നുഴഞ്ഞുകയറ്റക്കാരില്ലാത്ത, പ്രളയമില്ലാത്ത സംസ്ഥാനമായി ബി.ജെ.പി മാറ്റും. ബോഡോലാൻഡ് പ്രക്ഷോഭത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകികൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. ബോഡോലാൻഡ് കരാർ ഒപ്പിട്ടിട്ട് ഒരു വർഷം പിന്നിട്ടെന്നും ഇപ്പോൾ ബി.ടി.സിയിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നിട്ടുണ്ടെങ്കിൽ പ്രദേശം ഇനിയും കൂടുതൽ വികസനം കൈവരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബോഡോ മേഖലയിൽ റോഡ് നിർമ്മിക്കുന്നതിന് 500 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചുവെന്നും അമിത് ഷാ പ്രഖ്യാപിച്ചു. കുറച്ചുവർഷങ്ങൾ കൊണ്ട് അസമിലെ തന്നെ ഏറ്റവും വികസിതമായ പ്രദേശമായി ബോഡോയെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം അസമിൽ വലിയ വിവാദമായ സി.എ.എയെക്കുറിച്ച് സംസാരത്തിനിടെ ഒരിക്കൽ പോലും അമിത് ഷാ പ്രതിപാദിച്ചില്ല. അമിത് ഷാ അസമിൽ എത്തിയതിന് പിന്നാലെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ സി.എ.എ നിയമത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Amith Shah Slams Congress alliance with Muslim league