| Sunday, 17th January 2021, 10:14 pm

സർജിക്കൽ സ്ട്രൈക്ക് നരേന്ദ്ര മോദിക്ക് കീഴിൽ അതിർത്തി സുരക്ഷിതമാണെന്ന ആത്മവിശ്വാസമുണ്ടാക്കിയെന്ന് അമിത് ഷാ; റിപ്പബ്ലിക്ക് ടി.വിയുടെ ടി.ആർ.പി റേറ്റിങ്ങും കൂട്ടിയെന്ന് സോഷ്യൽ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഉറി, പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുള്ളിൽ കയറി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നരേന്ദ്ര മോദിക്ക് കീഴിൽ ഇന്ത്യ സുരക്ഷിതമാണെന്ന ആത്മവിശ്വാസമുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കർണാടകയിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രതികരണം. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ട് സ്ട്രൈക്ക് ചെയ്യുമെന്ന് അർണബ് ​ഗോസ്വാമിക്ക് നേരത്തെ അറിയാമായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ അമിത് ഷാ വീണ്ടും സർജിക്കൽ സ്ട്രൈക്കിനെ പുകഴ്ത്തി രം​ഗത്ത് വന്നത് വലിയ പരിഹാസത്തിനാണ് ഇടയാക്കിയത്.

അമിത് ഷായുടെ പുതിയ പ്രസ്താവനയക്ക് പിന്നാലെ അർണബ് ​ഗോസ്വാമിക്ക് എങ്ങിനെ ഈ വിവരങ്ങൾ എല്ലാം അറിയാമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

”അർണബ് ​ഗോസ്വാമി ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളെല്ലാം തന്റെ സുഹൃത്തുമായി പങ്കുവെക്കുകയാണ്. എന്നിട്ട് നിങ്ങൾ പറയുന്നു രാജ്യം സുരക്ഷിത കരങ്ങളിലാണ് എന്ന്,” ഒരു ട്വിറ്റർ ഉപയോ​ക്താവ് പറഞ്ഞു.

ബലാക്കോട്ട് ആക്രമണം റിപ്പബ്ലിക്ക് ടി.വിയുടെ ടി.ആർ.പി കൂട്ടാനും ബി.ജെ.പിയെ തെരഞ്ഞെടുപ്പ് വിജയിക്കാനും സഹായിച്ചുവെന്നും നിരവധി പേർ ട്വിറ്ററിലൂടെ പ്രതികരിച്ചു.

അമിത് ഷായുടെ പ്രസ്താവനയെ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ ചുണ്ടിക്കാട്ടിയും നിരവധി പേർ വിമർശിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ചൈനയുടെ പേര് പറയാൻ പോലും മോദിക്ക് മടിയായിരുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

വോട്ടിന് വേണ്ടിയാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ബലാക്കോട്ട് ആക്രമണം നടത്തിയതെന്നും അമിത് ഷായെ പരിഹസിച്ച് നിരവധി പേർ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബലാക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amith Shah says Balakot surgical strike given confidence for Indian under Modi government

We use cookies to give you the best possible experience. Learn more