| Sunday, 20th December 2020, 10:59 am

എന്ത് വേഷംകെട്ടലാണ് ഷാ, ഇതിനൊക്കെ ഒരുപരിധിയില്ലേ! അമിത് ഷായോട് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ബംഗാളിലെ ബി.ജെ.പിയുടെ റാലിക്ക് പിന്നാലെയാണ് വിമര്‍ശനവുമായി ഭൂഷണ്‍ രംഗത്തെത്തിയത്.

കൊവിഡിന്റെ പേര് പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിര്‍ത്തലാക്കുകയും അതേസമയം, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബംഗാളില്‍ റാലിനടത്തുകയും ചെയ്ത നടപടി ബി.ജെ.പിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ബംഗാളില്‍ എത്തിയത്.

കൊവിഡിന്റെ പേരില്‍ പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയാണ് ബംഗാളില്‍ ആയിരങ്ങളെക്കൂട്ടിയുള്ള റാലി സംഘടിപ്പിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിത്.

കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചതായാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷക പ്രതിഷേധം ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amith Shah Mocked by Prashant Bushan after BJP’s Bemgal Rally

We use cookies to give you the best possible experience. Learn more