കര്‍ഷകന്റെ വീട്ടില്‍ അമിത് ഷായുടെ ഉച്ചഭക്ഷണം; ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നെത്തിച്ചതാണോയെന്ന് സോഷ്യല്‍മീഡിയ;കര്‍ഷകരെ തണുപ്പിക്കാനുള്ള അമിത് ഷായുടെ പുതിയ നീക്കം
കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്ന്. സനാതന്‍ സിങ് എന്നയാളുടെ വീട്ടില്‍ നിന്നാണ് അമിത് ഷായുടെ ഉച്ചഭക്ഷണം.
മണ്ണുകൊണ്ട് പണിത ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടുകഴിഞ്ഞു. ബി.ജെ.പിയുടെ പതാകയുടെ നിറവും പച്ചയും വെള്ളയും കാവിയും പെയിന്റ് അടിച്ചുമാണ് വീട് അലങ്കരിച്ചിരിക്കുന്നത്. അതേസമയം കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമിത് ഷാ ഒരു കര്‍ഷകന്റെ വസതിയില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അപമാനിച്ചുകൊണ്ട് പ്രസ്താവന നടത്തിയവര്‍ ബംഗാളിലെത്തുമ്പോള്‍ കര്‍ഷക വസതിയിലെത്തി ഷോ കാണിക്കുന്നതിനെയാണ് സോഷ്യല്‍മീഡിയ ചോദ്യം ചെയ്യുന്നത്. പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ രാജ്യവിരുദ്ധരാണെന്നുമാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്. പിന്നെ എന്തിന്റെ പേരിലാണ് ഇതേ കര്‍ഷകരുടെ വസതിയിലെത്തി ഭക്ഷണം കഴിക്കുകയും കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നുമാണ് ഉയരുന്ന ചോദ്യം.
നവംബര്‍ മാസത്തില്‍ പശ്ചിമബംഗാളിലെത്തിയ അമിത് ഷാ ഒരു ദളിത് യുവാവിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. എന്നാല്‍ അന്ന് അവിടെ വെച്ച് അമിത് ഷാ കഴിച്ച ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് എത്തിച്ചതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.
ബസ്മതി റൈസ് കൊണ്ടുണ്ടാക്കിയ വിഭവും അതിനൊപ്പമുള്ള കറികളും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വിഭവമാണെന്നും ആ വീട്ടിലുള്ളവര്‍ ഇത്തരം ഭക്ഷണം പോലും ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്നും മമത പറഞ്ഞിരുന്നു. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ടെത്തി വീട് പെയ്ന്റ് അടിക്കുകയും അലങ്കരിക്കുകയും ചെയ്തതിനേയും മമത പരിഹസിച്ചിരുന്നു. ഇത്തവണയും ഫൈവ് സ്റ്റാര്‍ ഫുഡാണോ അമിത് ഷാ കഴിക്കാന്‍ പോകുന്നതെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
രാമകൃഷ്ണ മിഷന്‍ ആശ്രമം സന്ദര്‍ശിച്ചുകൊണ്ടാണ് ബംഗാളിലെ യാത്ര അമിത് ഷാ ആരംഭിച്ചത്. പാസ്ചിം മെഡിനിപൂര്‍ ജില്ലയിലെ മിഡ്നാപൂര്‍ കോളേജ് മൈതാനത്ത് നടക്കുന്ന പൊതു റാലിയെ ആണ് അമിത് ഷാ ഇന്ന് അഭിസംബോധന ചെയ്യുന്നത്.
യാത്രയുടെ രണ്ടാം ദിവസം ഷാ ബിര്‍ഭും ജില്ലയിലെ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശിക്കും. അവിടെ രബീന്ദ്രനാഥ ടാഗോറിന് ആദരാഞ്ജലി അര്‍പ്പിക്കും. ഇവിടെ അദ്ദേഹം മാധ്യമങ്ങളെ കാണുന്നുണ്ട്.
മന്ത്രി ബിര്‍ഭുമിലെ ശ്യാംബതി സന്ദര്‍ശിച്ച ശേഷം സ്റ്റേഡിയം റോഡിലെ ഹനുമാന്‍ മന്ദിര്‍ മുതല്‍ ബോള്‍പൂര്‍ സര്‍ക്കിള്‍ വരെ അമിത് ഷാ റോഡ്‌ഷോ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക