തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയുടെ വേര് ഉറപ്പിച്ചിട്ടേ അടങ്ങൂ എന്ന പിടിവാശിയില്‍ തന്നെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അമിത് ഷാ ബി.ജെ.പി നേതാക്കള്‍ക്ക് അവസാനവട്ട ഉപദേശവും ശാസനയും മുന്നറിയിപ്പും നല്‍കിയാണ് മടങ്ങിപ്പോയത്.
മടങ്ങിപ്പോകും മുമ്പ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ വിളിച്ച് കര്‍ശന താക്കീത് അമിത് ഷാ ആവര്‍ത്തിച്ചു.
ഇനി കേരളത്തില്‍ വരുന്നത് തന്റെ ജന്മദിനത്തിന്റെ അന്നാണെന്നും അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിപ്പിക്കരുത് എന്നുമായിരുന്നു അമിത്ഷായുടെ വാക്കുകള്‍. ഇനി ഒക്ടോബറിലാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തുടര്‍ന്ന് മൂന്നുമാസം കൂടുമ്പോഴെല്ലാം സന്ദര്‍ശനമുണ്ടാകുമെന്നും അദ്ദേഹം നേതാക്കളോട് വ്യക്തമാക്കി.
ഓരോ നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് പാര്‍ട്ടിക്കായി പണിയെടുപ്പിക്കണമെന്നും പ്രസിഡന്റും സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയും ഓരോ ജില്ലയും അടിക്കടി സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പങ്കെടുത്ത യോഗങ്ങളിലൊക്കെ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ മുതല്‍ താഴെതട്ടിലുളള നേതാക്കള്‍ വരെയുളളവരോട് ആവശ്യപ്പെട്ടത് പാര്‍ലമെന്റ്,നിയമസഭാ തെരഞ്ഞടുപ്പുകളില്‍ മുന്നേറ്റമുണ്ടാകണമെന്ന കാര്യമാണ്. അവസരത്തിനൊത്ത് കേരളത്തിലെ ബി.ജെ.പി നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ഗുജറാത്തില്‍ അധികാരത്തിലെത്തും മുമ്പുളള തെരഞ്ഞെടുപ്പില്‍ 11 ശതമാനം വോട്ടും മഹാരാഷ്ട്രയില്‍ എട്ടു ശതമാനം വോട്ടുമാണ് നേടിയത്. അതുകൊണ്ട് 15 ശതമാനം വോട്ടുനേടിയ കേരളത്തിലും അത്ഭുതങ്ങള്‍ സംഭവിക്കാം. പക്ഷേ കഠിനാധ്വാനത്തിന് തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു പാര്‍ട്ടിക്കാരെ ബി.ജെ.പിയിലേക്കു കാര്യമായി കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും ഷായുടെ വാക്കുകളില്‍ കടന്നുവന്നു. സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ച കാണിക്കുന്നവര്‍ക്കു പാര്‍ട്ടിയില്‍ ഇടമുണ്ടാകില്ല. 95 ദിവസത്തെ രാജ്യപര്യടനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. താനടക്കമുള്ളവര്‍ 15 ദിവസം താഴേത്തട്ടിലുള്ള പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കുകയാണ്. കുടുബാംഗങ്ങളെ അടക്കം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ബന്ധപ്പെടുത്തണമെന്നും അമിത് ഷാ ആവര്‍ത്തിച്ചു.