തിരുവനന്തപുരം: തങ്ങള്‍ ദളിതര്‍ക്കൊപ്പമാണെന്നും ബി.ജെ.പി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപം മാറ്റാനും തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
തൈക്കാട് 95-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടിലായിരുന്നു അമിത് ഷായുടെ പ്രഭാതഭക്ഷണം. അമിത് ഷായോടൊപ്പം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും രതീഷിന്റെ ഭവനത്തില്‍ എത്തിയിരുന്നു.
ബി.ജെ.പിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടതിന് ശേഷമാണ് അമിത്ഷായുടെ പ്രഭാത ഭക്ഷണം പരിപാടി അരങ്ങേറിയത്. ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് താന്‍ പ്രഭാതഭക്ഷണം കഴിക്കുന്നതെന്ന് ഇന്നലെ പ്രസംഗത്തിനിടയിലും അമിത് ഷാ പറഞ്ഞിരുന്നു.
95 ദിവസത്തെ രാജ്യപര്യടനത്തിലാണ് താനടക്കമുളളവര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അതില്‍ 15 ദിവസം താഴെത്തട്ടിലുളള പ്രവര്‍ത്തനത്തിനായി മാറ്റിവെയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ബിജെപി അധ്യക്ഷന്‍ നടത്തുന്നത്.ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യം കൂടി ബിജെപി ദേശീയ അധ്യക്ഷന്‍ ഇത്തവണത്തെ കേരള സന്ദര്‍ശനത്തില്‍ ലക്ഷ്യമിട്ടിരുന്നു.
കേരളത്തില്‍ ബി.ജെ.പി സീറ്റ് നേടിയില്ലെങ്കില്‍ സംസ്ഥാന നേതാക്കളായിരിക്കും ഭവിഷ്യത്ത് അനുഭവിക്കുക എന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തിരുന്നു.
അമിത് ഷായുടെ സന്ദര്‍ശനത്തിലെ അവസാന ദിവസമായ ഇന്ന്, ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം താരത്മ്യന ചെറിയ പരിപാടികളാണ്. ചെങ്കല്‍ ചൂളയിലെ 96-ാം ബൂത്ത് കമ്മിറ്റിയോഗവും പുസ്തക വിതരണവും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വൈകിട്ട് അറിന് ദല്‍ഹിക്ക് മടങ്ങും.