ന്യൂദൽഹി: ജവഹർലാൽ നെഹ്‌റു ചെയ്ത മണ്ടത്തരമാണ് പാക് അധീന കശ്മീർ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെയായിരുന്നു അമിത് ഷായുടെ പരാമർശം.
നെഹ്‌റു വെടിനിർത്തൽ പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നുവെങ്കിൽ പാക് അധീന കശ്മീർ ഉണ്ടാകുമായിരുന്നില്ല എന്നും കശ്മീർ പൂർണമായി ഇന്ത്യയുടേത് ആകുമായിരുന്നു എന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്ര സഭയിലേക്ക് കശ്മീർ വിഷയം കൊണ്ടുപോയ നെഹ്‌റുവിന്റെ നടപടിയും മണ്ടത്തരമായെന്ന് അമിത് ഷാ വിമർശിച്ചു.
70 വർഷത്തെ ഭരണത്തിൽ കശ്മീരിലെ ജനങ്ങൾ ദുരിതം നേരിടുകയായിരുന്നു എന്നും അവർക്ക് നീതി ലഭ്യമാക്കാൻ നരേന്ദ്രമോദി സർക്കാർ വരേണ്ടി വന്നെന്നും അമിത് ഷാ പാർലമെന്റിൽ അവകാശപ്പെട്ടു.
ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയെയും അമിത് ഷാ കടന്നാക്രമിച്ചു. ചിലർ കടലാസിൽ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുകയാണെന്നും ഒരു കടലാസ് കളഞ്ഞുപോയാൽ വായിച്ച കടലാസ് തന്നെ വീണ്ടും വീണ്ടും വായിക്കുമെന്നും അമിത് ഷാ പരിഹസിച്ചു.
അമിത് ഷായ്ക്ക് മറുപടി നൽകാൻ പ്രതിപക്ഷ പാർട്ടിയിലെ എം.പിമാർ എഴുന്നേറ്റു നിന്നെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് എം.പിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Content Highlight: Amith Shah against Nehru on Pak occupied Kasmir