നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ പേരും ''മീ ടു''ആക്കാം ; എം.ജെ അക്ബറിനെതിരായ ആരോപണങ്ങള്‍ ശരിയാകണമെന്നില്ല, പരിശോധിക്കും: അമിത് ഷാ
national news
നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ പേരും ''മീ ടു''ആക്കാം ; എം.ജെ അക്ബറിനെതിരായ ആരോപണങ്ങള്‍ ശരിയാകണമെന്നില്ല, പരിശോധിക്കും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 10:08 am

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

അക്ബറിനെതിരായ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്നും ആരോപണം സത്യമാണോ അല്ലയോ എന്ന കാര്യത്തില്‍ കൃത്യമായ അന്വേഷണം തന്നെ പാര്‍ട്ടി നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

മീ ടൂ ആരോപണങ്ങള്‍ എല്ലാം ശരിയാകണമെന്നില്ല. അക്ബറിനെതിരായ പോസ്റ്റിന്റെ സത്യാവസ്ഥ അന്വേഷിക്കും. ആരാണ് അത് പോസ്റ്റ് ചെയ്തത് എന്ന കാര്യം കൂടി അന്വേഷിക്കേണ്ടതുണ്ട്. മീ ടൂവില്‍ എന്റെ പേര് ഉപയോഗിച്ച് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു പോസ്റ്റിടാവുവന്നതേയുള്ളൂ. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ഇത് പരിശോധിക്കും- അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എം.ജെ അക്ബറിനെതിരായ ആരോപണങ്ങളില്‍ ആദ്യമായാണ് അമിത് ഷായുടെ പ്രതികരണം

ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിന്റെ രാജി കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
വിദേശപര്യടനം പൂര്‍ത്തിയാക്കി ദല്‍ഹിയിലെത്തിയ ഉടന്‍ അക്ബര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും വിശദീകരണം നല്‍കുമെന്നാണ് അറിഞ്ഞത്.


തൃപ്തി ദേശായി ശബരിമലയിലേക്ക് ; അടുത്തമാസം ദര്‍ശനം നടത്തും


അക്ബറിനെതിരേ ഒമ്പത് വനിതാ മാധ്യമപ്രവര്‍ത്തകരാണ് “മീ ടൂ” പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാരോപണം ഉന്നയിച്ചത്.നേരത്തെ അക്ബറിനോട് ആഫ്രിക്കന്‍പര്യടനം വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നിഷേധിച്ചിരുന്നു.

അക്ബര്‍ രാജിവയ്ക്കുകയാണെങ്കില്‍ ലൈംഗികാരോപണത്തെത്തുടര്‍ന്ന് മോദിസര്‍ക്കാരില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയായിരിക്കും അക്ബര്‍. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നിഹാല്‍ചന്ദ് മേഘ്വാളിനാണ് ആദ്യ സ്ഥാനനഷ്ടമുണ്ടായത്.

അക്ബറിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിമര്‍ശനം ബി.ജെ.പി.ക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണം പ്രഥമദൃഷ്ട്യാതന്നെ വിശ്വസനീയമായ തെളിവായി മാറിയെന്ന് ഒരുവിഭാഗം പറയുന്നു.

മേനകാഗാന്ധി, സ്മൃതി ഇറാനി എന്നിവരൊഴികെ കേന്ദ്രമന്ത്രിമാരോ നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്.