കണ്ണൂര്‍: ഒടുക്കം ഉറപ്പായി. പിണറായിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തില്ല. വൈകീട്ട് നടക്കുന്ന പരിപാടിയുടെ സമാപന ചടങ്ങിലും അമിത് ഷാ പങ്കെടുക്കില്ല.
കേരള കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ദല്‍ഹിക്ക് മടങ്ങിയതായി ഇന്നലെ തന്നെ ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നത്തെ ജാഥയില്‍ അമിത് ഷാ പങ്കെടുക്കില്ലെന്നായിരുന്നു ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ബി.ജെ.പി ജില്ലാ നേതൃത്വം വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
അമിത് ഷാ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യരാജ് ഇന്നലെ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അമിത് ഷാ എത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇന്ന് വ്യക്തമാക്കി.
ദല്‍ഹിയില്‍ ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ അമിത് ഷായ്ക്ക് എത്താന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിനും ആറിനും കേരളത്തിലെ ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടിനേതൃത്വത്തില്‍ നിന്നും ലഭിച്ച അറിയിപ്പിന് പിന്നാലെ സന്ദര്‍ശനം മതിയാക്കി അമിത്ഷാ ദല്‍ഹിക്ക് മടങ്ങുകയായിരുന്നുവെന്നായിരുന്നു ഇന്നലത്തെ ഡൂള്‍ന്യൂസിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അമിത് ഷാ തിരിച്ചത്. അതേസമയം എന്തുകൊണ്ടാണ് അമിത് ഷാ പെട്ടെന്ന് തന്നെ സന്ദര്‍ശനം മതിയാക്കി മടങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു പാര്‍ട്ടി വക്താക്കള്‍ അറിയിച്ചത്.
കേരളത്തില്‍ നിന്നും ഇന്നലെ മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കാനായി മടങ്ങുന്ന അമിത്ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍ പിണറായിയുടെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കാനായി എത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
എന്നാല്‍ പരിപാടികള്‍ റദ്ദാക്കി അമിത്ഷാ മടങ്ങുകയായിരുന്നു. അമിത്ഷായെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളായിരുന്നു മംഗളൂരുവില്‍ ഇന്നലെ നടത്തിയത്. എന്നാല്‍ പൊടുന്നനെയുള്ള മാറ്റം പ്രവര്‍ത്തകരെയും ബി.ജെ.പി നേതാക്കളേയും നിരാശരാക്കിയിരുന്നു.
ആവേശം അലതല്ലാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ജനരക്ഷായാത്ര ആദ്യദിനം കടന്നുപോയത്. പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ നടന്ന പരിപാടിയിലും ആദ്യദിന പദയാത്രയിലും 25,000 ലേറെ പേര്‍ പങ്കെടുക്കുമെന്ന സംഘാടകരുടെ വാദം പൊളിയുന്ന കാഴ്ചയായിരുന്നു യഥാര്‍ത്ഥത്തില്‍ കണ്ടത്.
സംഘാടകര്‍ പറഞ്ഞതിന്റെ പകുതിപേര്‍ പോലും യാത്രയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിച്ചയത്ര ആളുഖല്‍ എത്തിയിരുന്നില്ല. മാത്രമല്ല ആദ്യദിനം പദയാത്രയില്‍ പങ്കെടുത്തവരില്‍ അധികവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരായിരുന്നു.
അമിത്ഷാ വേദിയില്‍ വന്നിറങ്ങിയപ്പോഴും മറ്റും വലിയ ആവേശമൊന്നും ഉണ്ടായിയില്ല. മാത്രമല്ല അമിത്ഷാ വന്ദേമാതരം ചൊല്ലിയപ്പോഴും സദസിന്റെ ഏറ്റുവിളിക്ക് ആവേശം പോരായിരുന്നു. ഇതോടെ കൂടുതല്‍ ഉച്ചത്തില്‍ ഏറ്റുവിളിക്കൂവെന്ന് അമിത് ഷാ ആവര്‍ത്തിക്കുകയായിരുന്നു.