കശ്മീര്‍: പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹം കശ്മീരിലെ ബി.ജെ.പി പരിപാടിയില്‍ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും അദ്ദേഹം പരിശോധിക്കും. ആഗസ്റ്റ് ഒമ്പതിനാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ഇതിനുശേഷമായിരിക്കും സന്ദര്‍ശനം.
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് പറഞ്ഞ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും തിരിച്ചുപോരാന്‍ വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആയിരങ്ങള്‍ കശ്മീരില്‍ നിന്നു പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചയാണ് ഇതരസംസ്ഥാന തൊഴിലാളികളും പ്രദേശവാസികളും കൈയില്‍ കിട്ടിയതെല്ലാം എടുത്ത കശ്മീര്‍ വിടാന്‍ തുടങ്ങിയത്.
അമര്‍നാഥ് തീര്‍ഥാടനപാതയില്‍ പാക് നിര്‍മിത കുഴിബോംബുകളടക്കം അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്നാണ് ജനം പരിഭ്രാന്തിയിലായത്.
ജര്‍മനിയും ബ്രിട്ടനും തങ്ങളുടെ പൗരര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ വിദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ഇത്തരത്തിലുള്ള നിരവധിപ്പേര്‍ കശ്മീരിലെത്തിയിരുന്നു.