|

കെ.സുരേന്ദ്രന്‍ അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥി; ശബരിമല പരാമര്‍ശവുമായി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നിലനില്‍ക്കെ ശബരിമല പരാമര്‍ശവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് കെ. സുരേന്ദ്രനെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. എന്‍.ഡി. എ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ കേരളത്തില്‍ എത്തിയത്.

അതേസമയം പത്തനംതിട്ടയില്‍ കനത്തമഴ പെയ്തതോടെ കെ സുരേന്ദ്രന്റെ റോഡ് ഷോയ്ക്ക് പിന്നാലെ നടത്താനിരുന്ന അമിത് ഷായുടെ പൊതുയോഗം വെട്ടിച്ചുരുക്കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അലപ്പുഴയിലേക്ക് അമിത് ഷാ പോയി.

നേരത്തെ ശബരിമല പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കര്‍ണാടകയിലെ ബെംഗളൂരുവിലും മംഗലാപുരത്തും തമിഴ്നാട്ടിലെ തേനിയിലും മോദി നടത്തിയ പ്രസംഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരാതി.

ആരാധനാലയങ്ങളോ മതമോ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന പെരുമാറ്റചട്ടം മോദി ലംഘിച്ചുവെന്നും മോദിക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സി.പി.ഐ.ഐം പരാതി നല്‍കിയത്.

ചെന്നെയിലും മംഗലാപുരത്തും പൊതുയോഗങ്ങളില്‍ മോദി ശബരിമലയുടെ പേര് പറഞ്ഞ് കൊണ്ട് തന്നെ പ്രസംഗിച്ചിരുന്നു. വിശ്വാസം തകര്‍ക്കാനുള്ള ശ്രമം കേരളത്തില്‍ നടക്കുകയാണെന്നും ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.മ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്നും മോദി പറഞ്ഞിരുന്നു.

‘കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലീംലീഗും ചേര്‍ന്ന് കേരളത്തില്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്. എന്നാല്‍ ബി.ജെ.പി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ല’ എന്നായിരുന്നു പ്രസംഗം.

DoolNews Video