|

സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല: ഭീഷണിയുമായി കണ്ണൂരില്‍ അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന ഭീഷണിയുമായി ബി.ജെ.പി  ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് ജയിലിലടച്ചത്. അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.

അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്തുന്ന ഈ സമീപനം തീക്കളിയാണ്. സുപ്രീം കോടതിയുടെ നിരവധി വിധികളുണ്ട്. ആ വിധികളൊന്നും നടപ്പിലാക്കാന്‍ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്നതെന്തിനാണെന്നും അമിത് ഷാ പറഞ്ഞു.

Also Read:നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന് പി. പരമേശ്വരന്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു: വെളിപ്പെടുത്തലുമായി സന്ദീപാനന്ദഗിരി

കേരളത്തില്‍ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായിട്ടുള്ള ഒരു സാഹചര്യമാണിന്ന് നിലനില്‍ക്കുന്നത്. അയ്യപ്പനില്‍ വിശ്വാസമുള്ള അമ്മമാരും സഹോദരിമാരുമാണ് ഇന്ന് ഈ വിധിക്കെതിരായ രംഗത്തുവന്നിട്ടുള്ളത്. അവര്‍ക്കെതിരായിട്ടാണ് സര്‍ക്കാര്‍ ഈ തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു ദേശീയ തലത്തില്‍ ബി.ജെ.പി നേരത്തെ സ്വീകരിച്ചത്. എന്നാല്‍ വിധിയ്‌ക്കെതിരെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ബി.ജെ.പി നിലപാട് മാറ്റുകയായിരുന്നു.

Also Read:വീട്ടിലാക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പൊലീസ് പിടിച്ചുകൊണ്ടു പോയി ജയിലിലിട്ടെന്ന് ശോഭാ സുരേന്ദ്രന്‍: കള്ളത്തരം കയ്യോടെ പിടിച്ചപ്പോള്‍ മലക്കം പറഞ്ഞ് ശോഭാസുരേന്ദ്രന്‍

വിഷയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ കത്തിച്ചുനിര്‍ത്താന്‍ അമിത് ഷാ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.