കേരളത്തില്‍ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് അമിത് ഷാ; വയനാടിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍
D' Election 2019
കേരളത്തില്‍ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് അമിത് ഷാ; വയനാടിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 11:43 am

 

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സീറ്റുകള്‍ ഏതെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കുന്നതിനു മാത്രമാണ് പ്രശ്‌നമുള്ളത്. ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് പ്രശ്‌നമില്ലെന്നും അമിത് ഷാ പറഞ്ഞു.

വിശ്വാസികള്‍ നേരിട്ട അതിക്രമം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കും. അതിനെ ആര്‍ക്കും തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാറിനെയും അമിത് ഷാ വിമര്‍ശിച്ചു. ഇടത് സര്‍ക്കാറിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ്. സുപ്രീം കോടതിയുടെ എല്ലാ വിധികളും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമോ? പള്ളികളില്‍ ഉച്ചഭാഷിണി പാടില്ലെന്ന വിധി നടപ്പിലാക്കാന്‍ അമിത് ഷാ പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു.

വയനാടിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നും അമിത് ഷാ പറഞ്ഞു. വയനാട് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോയെന്ന അമിത് ഷായുടെ ചോദ്യം വിവാദമായിരുന്നു.

‘രാഹുല്‍ ബാബയുടെ റോഡ് ഷോ കണ്ടാല്‍, അതു നടന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. അത്തരമൊരു സീറ്റാണ് രണ്ടാം മണ്ഡലമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ തെരഞ്ഞെടുത്തത്.’ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് ചില നഷ്ടങ്ങളുണ്ടാക്കുമെന്നും അമിത് ഷാ സമ്മതിച്ചു. എന്നാല്‍ മറ്റു മേഖലയിലൂടെ ഉത്തര്‍പ്രദേശിലെ നഷ്ടങ്ങള്‍ നികത്താനാകുമെന്നാണ് അമിത് ഷാ പറയുന്നത്. വടക്കു കിഴക്കന്‍ മേഖലയിലടക്കം ഞങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ വിജയിക്കാത്ത 60 സീറ്റുകളില്‍ ഇത്തവണ വിജയം നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു.