കണ്ണൂരില്‍ അമിത് ഷാ വിമാനമിറങ്ങിയത് കേരള സര്‍ക്കാരിന്റെ അനുമതിയില്ലാതെ; കിയാല്‍
Kerala News
കണ്ണൂരില്‍ അമിത് ഷാ വിമാനമിറങ്ങിയത് കേരള സര്‍ക്കാരിന്റെ അനുമതിയില്ലാതെ; കിയാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th October 2018, 11:15 pm

കണ്ണൂര്‍: കേന്ദ്രമന്ത്രി അമിത് ഷാ കണ്ണൂരില്‍ വിമാനമിറങ്ങാന്‍ ആനുമതി നല്‍കിയത് കേരളസര്‍ക്കാര്‍ അല്ലെന്ന് കിയാല്‍. ഡിസംബര്‍ ആറിന് മാത്രമേ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുള്ളൂവെന്നും കിയാല്‍ വ്യക്തമാക്കി.

നിയമാനുസൃതമായാണ് അനുമതി നല്‍കിയത്. കണ്ണൂരില്‍ നോണ്‍ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര് അഭ്യര്‍ത്ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം ഇറക്കാനുള്ള അനുമതി നല്‍കാവുന്നതാണെന്നും കിയാല്‍ പറഞ്ഞു.

വിമാനയാത്രക്കുള്ള ചെലവ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് അതില്‍ നിയമപരമല്ലാത്തതായി ഒന്നുമില്ല. രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകള്‍ക്കും വിമാനത്താവള കമ്പനി അനുമതി നല്‍കിയിട്ടുണ്ടെന്നും കിയാല്‍ അറിയിച്ചു.

ഡിസംബര്‍ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ ഇരിക്കെയാണ് സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കി അമിത് ഷാ കണ്ണൂരില്‍ വന്നിറങ്ങിയത്. കരിപ്പൂരില്‍ വിമാനമിറങ്ങാന്‍ തീരുമാനിച്ച അമിത് ഷാ ബി.ജെ.പി കേരളഘടകത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരില്‍ വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയച്ചതില്‍ രാഷ്ട്രീയമുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയെ ക്ഷണിക്കാതെ ഉദ്ഘാടനം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയോടുള്ള പ്രതികാരമായാണ് ബി.ജെ.പി കേരളഘടകം ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു.