പ്രതീക്ഷിച്ചത് 25000 പേരെ; വന്നത് പകുതിപ്പേര്‍ മാത്രം; തകര്‍ന്നടിഞ്ഞ് അമിത്ഷായുടെ പദയാത്ര
Kerala
പ്രതീക്ഷിച്ചത് 25000 പേരെ; വന്നത് പകുതിപ്പേര്‍ മാത്രം; തകര്‍ന്നടിഞ്ഞ് അമിത്ഷായുടെ പദയാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2017, 11:02 am

പയ്യന്നൂര്‍: ആവേശം അലതല്ലാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ജനരക്ഷായാത്ര. പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ നടന്ന പരിപാടിയിലും ആദ്യദിന പദയാത്രയിലും 25,000 ലേറെ പേര്‍ പങ്കെടുക്കുമെന്ന സംഘാടകരുടെ വാദം പൊളിയുന്ന കാഴ്ചയായിരുന്നു യഥാര്‍ത്ഥത്തില്‍ കണ്ടത്.

സംഘാടകര്‍ പറഞ്ഞതിന്റെ പകുതിപേര്‍ പോലും യാത്രയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിച്ചയത്ര ആളുഖല്‍ എത്തിയില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ആദ്യദിനം പദയാത്രയില്‍ പങ്കെടുത്തവരില്‍ അധികവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരായിരുന്നു.


Dont Miss പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം; തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കും


അമിത്ഷാ വേദിയില്‍ വന്നിറങ്ങിയപ്പോഴും മറ്റും വലിയ ആവേശമൊന്നും ഉണ്ടായിയില്ല. മാത്രമല്ല അമിത്ഷാ വന്ദേമാതരം ചൊല്ലിയപ്പോഴും സദസിന്റെ ഏറ്റുവിളിക്ക് ആവേശം പോരായിരുന്നു. ഇതോടെ കൂടുതല്‍ ഉച്ചത്തില്‍ ഏറ്റുവിളിക്കൂവെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.

കേരളം പിടിക്കാനുള്ള അമിത്ഷായുടെ തേരോട്ടത്തിന്റെ തുടക്കമെന്ന നിലയിലാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ കണ്ണൂര്‍ പദയാത്രയുടെ വാര്‍ത്തകള്‍ നല്‍കിയത്. അതുകൊണ്ട് തന്നെ അമിത്ഷായുടെ കേരളപര്യടനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങളുടെ വലിയ നിര തന്നെ കേരളത്തിലെത്തിയിരുന്നു. ഇവര്‍ക്കായി എല്ലാ സൗകര്യവും പാര്‍ട്ടി നേതൃത്വം തന്നെയാണ് ഒരുക്കിയതും.

എന്നാല്‍ മലയാള മാധ്യമങ്ങളില്‍ അമിത്ഷായുടെ സന്ദര്‍ശനത്തിനും യാത്രയ്ക്കും വലിയ പ്രാധാന്യം ലഭിച്ചില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതോടെ മലയാള മാധ്യമങ്ങളെല്ലാം ആ വാര്‍ത്തയ്ക്ക് പിന്നിലായതും ബി.ജെ.പിയുടെ പദയാത്രയുടെ പരാജയത്തിന്റെ ആക്കം കൂട്ടി. അക്ഷരാര്‍ത്ഥത്തില്‍ അമിത്ഷായുടെ സന്ദര്‍ശനവും യാത്രയുമെല്ലാം ചിത്രത്തില്‍ നിന്നും തന്നെ മുങ്ങിപ്പോകുകയായിരുന്നു.

സമാപന വേദിയില്‍ അമിത്ഷാ പ്രസംഗിക്കില്ലെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ അത് അദ്ദേഹം മാറ്റി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തെ വേരോറെ പിഴുതെറിയാനുള്ള ദൗത്യം ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും തിരുവനന്തപുരത്ത് യാത്ര അവസാനിക്കുമ്പോള്‍ സി.പി.ഐ.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ അന്ത്യമായിരിക്കുമെന്നുമായിരുന്നു അമിത്ഷായുടെ വാക്കുകള്‍. നാളെയാണ് പിണറായി വിജയന്റെ നാട്ടിലൂടെ യാത്ര കടന്നുപോകുന്നത്. ഇതിലും അമിത്ഷാ പങ്കെടുക്കും.