കൊല്‍ക്കത്ത: ജാദവ്പൂരില്‍ ഹെലികോപ്ടറില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയെ ഭയന്നിട്ടാണ് മമതാ ബാനര്‍ജി റാലിയ്ക്ക് അനുമതി നല്‍കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
‘പശ്ചിമബംഗാളില്‍ ആരും ജയ് ശ്രീറാം എന്നു പറയേണ്ടെന്നാണ് മമതാ ദീദി പറയുന്നത്. ഇവിടെ നിന്ന് ഞാനിത് പറയും. ഇവിടെ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയശേഷവും പറയും. എന്നെ അറസ്റ്റു ചെയ്യാനുള്ള ധൈര്യമുണ്ടോ, മമതാ ബാനര്‍ജിയെ ഞാന്‍ വെല്ലുവിളിക്കുന്നു.’ എന്നാണ് അമിത് ഷാ പറഞ്ഞത്.
പശ്ചിമബംഗാള്‍ ജനതയ്ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ നേട്ടങ്ങളെ മമതാ ബാനര്‍ജി തടസപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. ‘മോദി സര്‍ക്കാറിന്റെ ഒരു പദ്ധതിയുടെ ഗുണഫലവും ബംഗാളിന് മമതാ ദീദി നല്‍കുന്നില്ല. ആ പദ്ധതികള്‍ ഇവിടെ ആരംഭിച്ചാല്‍ മോദിക്ക് ബംഗാളില്‍ കുറേക്കൂടി ജനസമ്മിതിയുണ്ടാവുമെന്ന് ഭയന്നാണിത്.’ അമിത് ഷാ ആരോപിച്ചു.
തിങ്കളാഴ്ച ജാദവ്പൂരില്‍ അമിത് ഷായുടെ റാലിയ്ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് റാലിക്ക് അനുമതി നിഷേധിച്ചത്. അമിത് ഷായുടെ ഹെലികോപ്ടറിന് ജാദവ്പൂരില്‍ ഇറങ്ങാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.