' കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ നടത്തിയ ആ അവകാശവാദം വെറും തളള്' ഗുജറാത്തുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ അവകാശവാദം തെറ്റെന്ന് കണക്കുകള്‍
Daily News
' കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ നടത്തിയ ആ അവകാശവാദം വെറും തളള്' ഗുജറാത്തുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ അവകാശവാദം തെറ്റെന്ന് കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2017, 12:04 pm

അഹമ്മദാബാദ്: ഗുജറാത്തിലെ വികസനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് കണക്കുകള്‍. വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മികച്ചതാണ് ഗുജറാത്ത് എന്നായിരുന്നു അമിത് ഷായുടെ അവകാശവാദം. മറിച്ചാണെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിനെ അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു സംവാദത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയാല്‍ അമിത് ഷാ തന്നെയാവും തോല്‍ക്കുകയെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യന്‍ വീടുകളില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകള്‍ 2015-16 വര്‍ഷത്തെ ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയിലേതാണ്. ഈ സര്‍വ്വേയിലെ കണക്കു പ്രകാരം ഗുജറാത്തിലെ 96%വീടുകളിലും വൈദ്യുതിയുണ്ട്.

എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിലെ സ്ഥിതി മോശമാണെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. ഹിമാചല്‍ പ്രദേശില്‍ 99.5% വീടുകളും വൈദ്യുതീകരിച്ചതാണ്. കര്‍ണാടകയില്‍ 97.8% വീടുകളും വൈദ്യുതീകരിച്ചതാണ്. അടുത്തിടെ ബി.ജെ.പി അധികാരത്തിലെത്തുന്നതിനു മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഉത്തരാഖണ്ഡിന്റെ കാര്യവും ഗുജറാത്തിനേക്കാള്‍ മികച്ചതാണ്. 97.5% ആണ് ഇവിടുത്തെ വൈദ്യുതീകരണത്തിന്റെ നിരക്ക്.


Must Read: അത് ഫാന്‍സിന്റെ വെറും തള്ള്; നന്തി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി ലാലേട്ടനല്ല


കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലും ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെയാണ് മെച്ചമെന്നാണ്. കുടിവെള്ളത്തിന്റെ കാര്യത്തിലും ഹിമാചല്‍ പ്രദേശും കര്‍ണാടകയും ഗുജറാത്തിനേക്കാള്‍ ഏറെ മുമ്പിലാണ്. ഗുജറാത്തില്‍ കുടിവെള്ള ഉറവിടങ്ങളുള്ള വീടുകളുടെ നിരക്ക് 90.9% ആണെങ്കില്‍ ഹിമാചല്‍ പ്രദശില്‍ ഇത് 94.9%ഉം കര്‍ണാടകയില്‍ 92.9% ആണ്. അതേസമയം ഉത്തരാഖണ്ഡ് ഗുജറാത്തിനേക്കാള്‍ 1.6% പോയിന്റ് പിറകിലാണ്.

ന്യൂസ് 18യ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ഗുജറാത്തുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ അവകാശവാദം നടത്തിയത്.

“ഗുജറാത്തിലെ 24000 ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി നല്‍കിയിട്ടുണ്ട്. ഇന്ന് ഒരു മുന്നറിയിപ്പു നല്‍കാതെ നിങ്ങള്‍ക്കിതു പരിശോധിച്ച് ഉറപ്പുവരുത്താം. ഇതൊക്കെ ബി.ജെ.പി ചെയ്തതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഏത് സംസ്ഥാനങ്ങളിലെയും അഞ്ചുവര്‍ഷത്തെ കണക്കെടുക്കാം. ഏത് വികസനത്തിന്റെ കാര്യത്തിലായാലും ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മൂന്നുമടങ്ങ് മുമ്പിലാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസുമായി സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്.” എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.