ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്ക് രാജസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ലഖ്നൗ ഇന്ത്യന്‍ വെറ്ററന്‍ താരം അമിത് മിശ്ര സ്വന്തമാക്കിയത്. ലഖ്നൗ ബൗളിങ്ങില്‍ ഒരു വിക്കറ്റ് നേടാന്‍ മിശ്രക്ക് സാധിച്ചിരുന്നു.
രാജസ്ഥാനായി ഇമ്പാക്ട് പ്ലെയര്‍ ആയി ഇറങ്ങിയ റിയാന്‍ പരാഗിന് പുറത്താക്കി കൊണ്ടായിരുന്നു അമിത് കരുത്ത് കാട്ടിയത്. മത്സരത്തില്‍ എട്ടാം ഓവറിലെ നാലാം പന്തില്‍ ആണ് താരം വിക്കറ്റ് നേടിയത്. 11 പന്തിൽ 14 റണ്‍സ് നേടിയ പരാഗ് ആയുഷ് ബഡോണിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മിശ്ര സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ സ്പിന്നറായി മാറാനാണ് മിശ്രക്ക് സാധിച്ചത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 31 വിക്കറ്റുകളാണ് അമിത് നേടിയിട്ടുള്ളത്. പഞ്ചാബ് കിങ്‌സിനെതിരെ 30 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ മറികടന്നു കൊണ്ടായിരുന്നു അമിത് മിശ്രയുടെ മുന്നേറ്റം.
പഞ്ചാബിനെതിരെ 34 വിക്കറ്റുകള്‍ വീഴ്ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ആണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മിശ്രക്ക് പുറമേ യാഷ് താക്കൂര്‍, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ലഖ്നൗ ബാറ്റിങ്ങില്‍ 48 പന്തില്‍ 76 റണ്‍സ് നേടിയ നായകന്‍ കെ.എല്‍ രാഹുലും 31 പന്തില്‍ 50 റണ്‍സ് നേടിയ ദീപക് ഹുഡയും മികച്ച പ്രകടനം നടത്തി.
അതേസമയം സഞ്ജു സാംസണിന്റെയും ധ്രുവ് ജുറലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്.
ഏഴു ഫോറുകളും നാലു കൂറ്റന്‍ സിക്‌സുകളും ആണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 34 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടികൊണ്ടായിരുന്നു ജുറലിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്.
Content Highlight: Amith Mishra is the leading wicjet taker against Rajasthan Royals