രജീഷ് മിഥിലയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനായ ചിത്രമാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി. യുവതാരം അമിത് ചക്കാലക്കലും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിനെ പറ്റി പറയുകയാണ് അമിത്. സംവിധായകന്‍ നേരത്തെ തന്നെ മറ്റൊരാളെ തന്റെ കഥാപാത്രത്തിലേക്ക് ഉറപ്പിച്ചുവെച്ചിരുന്നുവെന്നും ജയസൂര്യ പറഞ്ഞിട്ടാണ് തന്നെ കാസ്റ്റ് ചെയ്തിരുന്നതെന്നും അമിത് ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഇയ്യോബിന്റെ പുസ്തകത്തില്‍ ഞാന്‍ ജയേട്ടന്റെ അനിയനായി അഭിനയിച്ചിരുന്നു. അതിന് ശേഷം ഞങ്ങള്‍ കോണ്‍ടാക്ട് ഒന്നുമില്ലായിരുന്നു. ഒരു ദിവസം ജയേട്ടന്‍ എന്നെ വിളിച്ച് എടാ മോനെ നിന്റെ രണ്ടുമൂന്ന് ഫോട്ടോ അയക്കാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ മനസിലും ലഡു പൊട്ടി. എന്തെങ്കിലും ചാന്‍സിനായിരിക്കുമല്ലോ. ഒരാഴ്ച കഴിഞ്ഞിട്ടും വിളി ഒന്നും വന്നില്ല. അപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു. എടാ നിന്നെ വിളിക്കുമെടാ മോനെ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതുകഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നിര്‍മാതാവ് ബാദുഷ എന്നെ വിളിച്ചു. ജയേട്ടന്റെ ഒരു പടമുണ്ട്, കാക്കനാട്ടെ ഫ്‌ളാറ്റില്‍ ഒന്ന് പോയി ഡയറക്ടറെ കാണണമെന്ന് പറഞ്ഞു. ഫ്‌ളാറ്റിലേക്ക് കേറിച്ചെല്ലുമ്പോള്‍ ഡയറക്ടറുടെ മുഖം കണ്ടാല്‍ തന്നെ മനസിലാവും ഞാന്‍ വന്നത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. നിങ്ങള്‍ നാളെ എന്തെങ്കിലുമൊക്കെ ആയാലും ജയേട്ടനെ മറക്കരുത്, കാരണം ഈ പടത്തിലെ നിങ്ങളുടെ ക്യാരക്ടര്‍ വേറെ ഒരാളോട് പറഞ്ഞ്, അയാളുടെ കോസ്റ്റിയൂംസുമൊക്കെ എടുത്ത് വെച്ചതാണ്, നിങ്ങളെ മതി എന്ന് ജയേട്ടന്‍ വാശി പിടിച്ചിട്ടാണ് വിളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. എനിക്കൊരു താല്‍പര്യവുമില്ല, ജയേട്ടന്‍ പറഞ്ഞതുകൊണ്ടാണ് നിനക്ക് ഈ വേഷം തരുന്നതെന്ന് പുള്ളിയുടെ വാക്കില്‍ നിന്നും വ്യക്തമാണ്. പ്രൊഡക്ഷന്‍ സൈഡും ജയേട്ടന്റെയാണ് എന്നൊക്കെ പുള്ളി എന്നോട് പറയുകയാണ്. എനിക്ക് ഭയങ്കര വിഷമമായി.
ഇവിടുന്ന് ഇതും കഴിഞ്ഞ് ഞാന്‍ നേരെ ജിമ്മില്‍ ചെന്നപ്പോഴാണ് ഏറ്റവും വിഷമമായത്. എനിക്ക് അറിയാവുന്ന ഒരു ഫ്രണ്ടാണ് ആ റോള്‍ ചെയ്യേണ്ടിയിരുന്നത്. നിനക്കൊക്കെ വേണ്ടി പറയാന്‍ ജയേട്ടനുണ്ടല്ലോ എന്ന് അവന്‍ പറഞ്ഞു. നീ എന്താടാ അങ്ങനെ പറഞ്ഞത് എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ചെയ്യാനിരുന്ന റോളാഡാ തെണ്ടി നിനക്ക് കിട്ടിയതെന്ന് അവന്‍ പറഞ്ഞു.
ഒരു സെറ്റില്‍ ഒന്നിച്ച് കുറച്ചുദിവസം ഉണ്ടായിരുന്നെന്നല്ലാതെ ഞാനും ജയേട്ടനും തമ്മില്‍ ഒരു ബന്ധവുമില്ല. ആ മനുഷ്യന്‍ വിളിച്ച് പറഞ്ഞിട്ടാണ് എനിക്ക് റോള്‍ കിട്ടുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന പടമായിരുന്നു അത്. വാരിക്കുഴിയിലെ കൊലപാതകം ചെയ്ത ഡയറക്ടറുടെ ആദ്യത്തെ പടമായിരുന്നു അത്,’ അമിത് പറഞ്ഞു.
Content Highlight: amith chakklackal talks about jayasurya and lal bahadoor shasthri movie