മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ച് ഇന്ത്യയിലെ മികച്ച സംവിധായകരായ വെട്രിമാരന്‍, പാ. രഞ്ജിത്, കരണ്‍ ജോഹര്‍, സോയ അക്തര്‍ എന്നിവര്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ മറ്റ് സൂപ്പര്‍സ്റ്റാറുകളില്‍ നിന്ന് വ്യത്യസ്തനാണ് മമ്മൂട്ടിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കാതല്‍, ഭ്രമയുഗം, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനത്തെക്കുറിച്ച് അവര്‍ സംസാരിച്ചിരുന്നു. മമ്മൂട്ടി തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ യുവനടന്മാര്‍ക്ക് പ്രചോദനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇത്രയും കാലം മൈന്‍ഡ് ചെയ്യാതെ തള്ളിവെച്ചിട്ടും ഇപ്പോഴും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്നത് കണ്ടിട്ടാണ് മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് മമ്മൂട്ടിയെപ്പറ്റി സംസാരിക്കേണ്ടി വന്നതെന്ന് പറയുകയാണ് അമിത് ചക്കാലക്കല്‍. ചെറുപ്പത്തില്‍ താന്‍ കണ്ടതില്‍ നിന്ന് മമ്മൂട്ടിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും തനിക്ക് മാത്രമേ പ്രായമായിട്ടുള്ളൂവെന്നും അമിത് പറഞ്ഞു. ഒരു പ്രായം കഴിയുമ്പോള്‍ ശരീരത്തിന്റെ അവസ്ഥ മോശമാകുന്ന സാധാരണക്കാര്‍ക്ക് മമ്മൂട്ടിയോട് അസൂയ തോന്നുമെന്നും അമിത് കൂട്ടിച്ചേര്‍ത്തു.
ലോകസിനിമയില്‍ തന്നെ മോസ്റ്റ് വൈല്‍ഡ് മെന്റല്‍ ആക്ടര്‍ മമ്മൂട്ടിയാണെന്നും അമിത് പറഞ്ഞു. ശരീരത്തിന്റെ അവസ്ഥ കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം പെര്‍ഫോമന്‍സിന്റെ റേഞ്ച് കൂട്ടാന്‍ പറ്റുന്ന ഒരേയൊരു നടന്‍ മമ്മൂട്ടിയാണെന്നും അമിത് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ചിത്തിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് അമിത് ഇക്കാര്യം പറഞ്ഞത്.
‘നമ്മള്‍ ചെറുപ്പം മുതല്‍ കാണുന്ന രണ്ട് മുഖങ്ങള്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയുമാണ്. ഞാന്‍ ചെറുപ്പത്തില്‍ കണ്ടപ്പോള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് മമ്മൂക്ക ഇപ്പോഴും ഉള്ളത്. എനിക്ക് പ്രായമായത് കണ്ണാടി നോക്കുമ്പോള്‍ മനസിലാകുന്നുണ്ട്. അപ്പോഴാണ് അപ്പുറത്ത് ആ പുള്ളി ലുക്കും വര്‍ക്കും കൊണ്ട് ഞെട്ടിക്കുന്നത്. സ്വാഭാവികമായും അസൂയ തോന്നും.
ഇത്രയും കാലം മലയാളസിനിമയെയും മലയാളത്തിലെ നടന്മാരെയും മാക്‌സിമം മൈന്‍ഡ് ചെയ്യാതിരിക്കാന്‍ മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ ശ്രമിച്ചു. പക്ഷേ അന്നും ഇന്നും പീക്ക് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മമ്മൂക്ക കണ്‍സിസ്റ്റന്റായി നില്‍ക്കുന്നതുകൊണ്ട് അവര്‍ക്കിനി പുള്ളിയെപ്പറ്റി സംസാരിക്കാതിരിക്കാന്‍ പറ്റില്ല.
ലോകസിനിമയിലെ ‘മോസ്റ്റ് വൈല്‍ഡ് മെന്റല്‍ ആക്ടര്‍’ മമ്മൂക്കയാണ്. ചിലര്‍ അവരുടെ ശരീരം കാത്തുസൂക്ഷിച്ച് ചില്ലുകൂട്ടിലേതുപോലെ നില്‍ക്കും, വര്‍ക്കില്‍ ഒന്നും കാണില്ല. ഇവിടെ രണ്ടും ഒരുപോലെ കൊണ്ടുപോവുകയാണ്,’ അമിത് പറഞ്ഞു.
Content Highlight: Amith Chakkalakkal about Vetrimaaran’s comment on Mammootty