ഇത്രയും പവറില്‍, ഒറ്റ സ്ട്രെച്ചില്‍ പുള്ളി ഡയലോഗ് മോഡുലേറ്റ് ചെയ്ത് പറയുന്നതൊന്ന് കേള്‍ക്കണം, ഞാന്‍ അപ്പോള്‍ തന്നെ വര്‍ക്ക്ഔട്ട് നിര്‍ത്തി അതും കേട്ടിരുന്നു: അമിത് ചക്കാലക്കല്‍
തുടക്കക്കാരായ അഭിനേതാക്കള്‍ക്ക് മമ്മൂട്ടിയോട് എപ്പോഴും ഒരിടഷ്ടം കൂടുമെന്ന് പറയുകയാണ് നടന്‍ അമിത് ചക്കാലക്കല്‍. കഥാപാത്രങ്ങളുടെ സൗണ്ട് മോഡുലേഷന്‍ പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഉദാഹരണമാണ് മമ്മൂട്ടിയെന്ന് പറഞ്ഞ അമിത് അദ്ദേഹത്തിന്റെ ഡയലോഗ് മാഷപ്പ് കണ്ട് ഞെട്ടിയ അനുഭവവും പങ്കുവെച്ചു. ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് മമ്മൂട്ടിയെ പറ്റി സംസാരിച്ചത്. സഞ്ജു ശിവറാമും അമിതിനൊപ്പം അഭിമുഖത്തിനുണ്ടായിരുന്നു.
‘തുടക്കക്കാരായ ആക്ടേഴ്‌സിന് മമ്മൂക്കയോട് ഒരിഷ്ടം കൂടും. അഭിനയിച്ച് കഴിഞ്ഞ് ഡബ്ബിങ്ങിന് ചെല്ലുമ്പോള്‍ മോഡുലേറ്റ് ചെയ്യാന്‍ ശ്രമിക്കും. ചില കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കും. ഇത് പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഉദാഹരണമാണ് മമ്മൂക്ക. ആ വ്യക്തി സൗണ്ട് മോഡുലേറ്റ് ചെയ്യുന്നത് പോലെ വേറെ ആരും ചെയ്യില്ല. ശബ്ദം കൊണ്ട് ഓരോ കഥാപാത്രത്തിനും മാറ്റം കൊണ്ടുവരുന്നതില്‍ മമ്മൂക്ക ഒരു എപ്പിക് എക്‌സാമ്പിള്‍ ആണ്, അല്ലെങ്കില്‍ ടെക്സ്റ്റ് ബുക്കാണ്.
ലിന്റോ കുര്യന്‍ എന്നൊരു പയ്യന്റെ മമ്മൂക്ക ബെര്‍ത്ത്‌ഡേ മാഷപ്പുണ്ട്. എന്നെ ഞെട്ടിച്ചുകളഞ്ഞു. വൈകിട്ട് വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് മുമ്പ് ക്ഷീണം തോന്നിയാല്‍ ഏതെങ്കിലും ആക്ടേഴ്‌സിന്റെ മാഷപ്പ് എടുത്ത് പ്ലേ ചെയ്യും. അപ്പോള്‍ ഒരു എനര്‍ജി കിട്ടും. ഒരു ദിവസം ഇതുപോലെ മമ്മൂക്കയുടെ മാഷപ്പ് കേള്‍ക്കുകയാണ്. ചെവിയില്‍ ഹെഡ് സെറ്റ് ഉണ്ട്. ഫോണ്‍ മാറിയിരിക്കുകയാണ്. പുള്ളീടെ ഡയലോഗുകളുടെ മാഷപ്പാണ് അത്. പറയുമ്പോള്‍ ഇപ്പോഴും രോമാഞ്ചം വരും. ഇത്രയും സ്പീഡില്‍, ഇത്രയും പവറില്‍, ഒറ്റ സ്ട്രെച്ചില്‍ ഡയലോഗ് മോഡുലേറ്റ് ചെയ്ത് പറയുന്നതൊന്ന് കേള്‍ക്കണം. ഞാന്‍ പിന്നെ വര്‍ക്കഔ്ട്ട് ഒക്കെ നിര്‍ത്തിയിട്ട് ഇത് കാണുകയായിരുന്നു,’ അമിത് പറഞ്ഞു.
സഞ്ജു ശിവറാമും അഭിമുഖത്തില്‍ മമ്മൂട്ടിയെ പറ്റി സംസാരിച്ചു. ‘പ്രശാന്ത് എന്നൊരാളെ അടുത്തയിടെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം ഭയങ്കര മമ്മൂക്ക ഫാനാണ്. ആക്ടേഴ്‌സ് മോഡുലേഷന്‍ ചെയ്യുന്നത് ഓക്കെയാണ്, പക്ഷേ ശബ്ദം മാറ്റി അഭിനയിക്കുന്ന എത്ര പേരുണ്ട് എന്ന് അദ്ദേഹം ചോദിച്ചു. അത് ഭയങ്കരമായി സ്‌ട്രൈക്ക് ചെയ്തു. അന്നുതന്നെ പോയി അമരം കണ്ടു. എതിന് തൊട്ടുപിന്നാലെ വടക്കാന്‍ വീരഗാഥ കണ്ടു. രണ്ടിലും ശബ്ദം ഭയങ്കര വ്യത്യാസമാണ്,’ സഞ്ജു പറഞ്ഞു.
Content Highlight: amith chakkalackal and sanju sivaram talks about mammootty