ചെറിയ കഥാപാത്രങ്ങളിലൂടെ ഉയർന്ന് വന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് അമിത് ചക്കാലക്കൽ. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ നായക നടനായി മാറിയ അമിത് കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ്.
നിവിൻ പോളി, സണ്ണി വെയ്ൻ, ബാബു ആന്റണി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാലും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ മേക്കപ്പ് ആർട്ടിസ്റ്റായി വന്ന നോർത്തിന്ത്യക്കാരിക്ക് ആദ്യമായി മോഹൻലാലിനെ കാണുമ്പോൾ പുച്ഛമായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ടപ്പോൾ അവർ മോഹൻലാലിന്റെ ഫാനായെന്നും അമിത് പറയുന്നു. മോഹൻലാലിന്റെ രണ്ട് സിനിമകൾ കണ്ടാൽ തന്നെ നമ്മൾ അദ്ദേഹത്തിന്റെ ഫാനാവുമെന്നും പ്രകടനത്തിലൂടെ സെറ്റിലെ ഒരാളെ ഫാനാക്കുന്നതാണ് അന്നവിടെ കണ്ടതെന്നും അമിത് പറഞ്ഞു.
‘ഞാനിത് പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല. കായംകുളം കൊച്ചുണ്ണിയിൽ ഞാൻ അഭിനയിച്ചിരുന്നു. അന്ന് സെറ്റിൽ ഒരു നോർത്തിന്ത്യക്കാരിയുണ്ട്. പുള്ളിക്കാരി പ്രോസ്തറ്റിക്ക് മേക്കപ്പ് ചെയ്യുന്ന ആളാണ്.
അതായത് ബോഡിയിൽ ഒരു വെട്ടൊക്കെ വരച്ചു കഴിഞ്ഞാൽ കുറെ ദിവസമുള്ള ഷോട്ടിന് ഒരേപോലെ ആ കൺടിന്യുവിറ്റി നിലനിർത്തണം. നല്ല പൈസ കൊടുത്തിട്ടാണ് അവരെ അവിടെ നിർത്തിയിരിക്കുന്നത്. നല്ല ആറ്റിറ്റ്യൂഡിലൊക്കെയാണ് നിൽക്കുന്നത്.
അപ്പോഴാണ് ലാലേട്ടൻ സെറ്റിലേക്ക് അഭിനയിക്കാൻ വരുന്നത്. പക്ഷെ അവരെ സംബന്ധിച്ചിടത്തോളം ലാലേട്ടൻ പ്രായമായ, തടിയുള്ള ഒരു മനുഷ്യനാണ്. പുള്ളിക്കാരി ലാലേട്ടന് വലിയ വിലയൊന്നും കൊടുത്തിട്ടില്ലെന്ന് നമുക്ക് തന്നെ കാണുമ്പോൾ മനസിലാവും.
പക്ഷെ ഇങ്ങേര് വന്ന് അഭിനയിക്കാൻ തുടങ്ങിയപ്പോഴേക്കും പുള്ളിക്കാരി കൂളിങ് ഗ്ലാസൊക്കെ അഴിച്ചുവെച്ചിട്ട് ലാലേട്ടനെ നോക്കി നിൽക്കുകയാണ്. അതായത് അവർ ഒരു പ്രേക്ഷകയായി മാറി. അതിലൂടെ ആ സെറ്റിൽ ഉണ്ടായിരുന്ന ഒരാളെ തന്നെ ലാലേട്ടൻ ഒരു ഫാനാക്കി മാറ്റുകയാണ്.
അഭിനയിച്ച് പെർഫോം ചെയ്ത് ഒരാളെ ഫാനാക്കുകയെന്ന് പറയില്ലേ. അതാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ രണ്ട് സിനിമയൊക്കെ കണ്ട് കഴിഞ്ഞാൽ ആ വലയത്തിൽ വീണ് പോവും നമ്മൾ. അതവരുടെ ഒരു മാജിക്കാണ്,’അമിത്ത് ചക്കാലക്കൽ പറയുന്നു.
Content Highlight: Amith Chakalakkal Talk About Mohanlal’s Performance In Kayakulam Kochuni Movie