| Monday, 29th August 2022, 8:11 pm

'ബച്ചന്‍ എനിക്ക് ദൈവത്തെ പോലെ': താരത്തിന്റെ അറുപത് ലക്ഷത്തിന്റെ പ്രതിമയുണ്ടാക്കി ആരാധകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചന്‍. അമ്പത്തിമൂന്ന് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ നിരവധി വേറിട്ട കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാലിതാ താരത്തിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമ നിര്‍മിച്ച് വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ന്യൂ ജേഴ്സിയിലുള്ള ഇന്‍ഡോ-അമേരിക്കന്‍ കുടുംബം.

വലിയ ഗ്ലാസ് കൂടിനുള്ളില്‍ ഇരിക്കുന്ന രീതിയിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. അറുപത് ലക്ഷമാണ് പ്രതിമ നിര്‍മിക്കുന്നതിന് കുടുംബത്തിന് ചെലവ് വന്നത്. രാജസ്ഥാനില്‍ പണികഴിപ്പിച്ച പ്രതിമ അമേരിക്കയിലേക്ക് കപ്പല്‍ മാര്‍ഗം എത്തികയായിരുന്നു ചെയ്തത്. അമിതാഭ് ബച്ചന്‍ ദൈവത്തെ പോലെയാന്നെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ നിര്‍മിച്ച് വീടിനുമുന്നില്‍ സ്ഥാപിച്ചതെന്നുമാണ് ഇന്റര്‍നെറ്റ് സെക്യൂരിറ്റി എഞ്ചിനീയറായ ആരാധകന്‍ ഗോപി സേഥ് പറയുന്നത്.

‘അമിതാബ് ബച്ചന്റെ സിനിമ അഭിനയത്തോടൊപ്പം യഥാര്‍ത്ഥ ജീവിതവും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. വളരെ കുലീനനായാണ് അദ്ദേഹം ആളുകളോട് സംസാരിക്കുന്നതും ഇടപഴകുന്നതും, ബാക്കി നടന്മാരെ പോലെയല്ല’, ഗോപി സേഥ് പറഞ്ഞു.

ഫാന്‍സിനെ നന്നായി ശ്രദ്ധിക്കുന്നയാളാണദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ തന്റെ വീടിന് മുന്നില്‍ സ്ഥാപിച്ചത്. ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടാണ് താരത്തിന്റെ പ്രതിമ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിച്ചതും സ്ഥാപിച്ചതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1990 ലാണ് സേഥ് അമേരിക്കയിലെത്തിയത്. www.bigbefamily.com എന്ന വെബ്സൈറ്റ് സേഥിനു സ്വന്തമായുണ്ട്. അമിതാഭ് ബച്ചന്റെ ലോകത്തുമുഴുവനുള്ള ഫാന്‍സിന്റെ റിപ്പോസിറ്ററിയാണ് ഈ വെബ്സൈറ്റ് എന്നാണ് സേഥ് പറയുന്നത്.

കോന്‍ ബനേഗാ ക്രോര്‍ പതി എന്ന ബച്ചന്റെ ജനപ്രിയ ടെലിവിഷന്‍ ഷോയിലെ കോസ്റ്റിയൂമാണ് താരത്തിന്റെ പ്രതിമയ്ക്കും നല്‍കിയിരിക്കുന്നത്. അമേരിക്കയിലുള്ള അമിതാഭ് ബച്ചന്റെ ഫാന്‍സിനെ കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വെബ്സൈറ്റ് പിന്നീട് ലോകം മൊത്തം വ്യാപിക്കുകയായിരുന്നു എന്നാണ് സേഥ് പറയുന്നത്.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത റണ്‍ എവേയാണ് അമിതാബ് ബച്ചന്‍ അഭിനയിച്ച് തിയറ്ററുകളിലെത്തിയ അവസാനത്തെ ചിത്രം. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്രയില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലും താരം എത്തുന്നുണ്ട്.

Content Highlight: Amitabh Bachchan’s Statue Installed By An Indian-American Family At Their Home

We use cookies to give you the best possible experience. Learn more