|

ബച്ചനും രജിനികാന്തും മുതല്‍ അക്ഷയ് കുമാര്‍ വരെ; എമ്പുരാന്റെ ട്രെയ്‌ലര്‍ പങ്കിട്ട് ഇന്ത്യന്‍ സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നലെ വരെ സിനിമാപ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത് എമ്പുരാന്റെ ട്രെയ്‌ലറിന് വേണ്ടിയായിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ പറഞ്ഞതിനും നേരത്തെയായിരുന്നു ഈ പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയത്.

ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അണിയറപ്രവര്‍ത്തകര്‍ എമ്പുരാന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ട്രെയ്‌ലര്‍ വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ 1.5 മില്ല്യണ്‍ വ്യൂസ് ആയിരുന്നു യൂട്യൂബില്‍ നേടിയത്. ആദ്യം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിറച്ച ട്രെയ്‌ലറായിരുന്നു അത്.

ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ മലയാളത്തില്‍ നിന്നും അന്യഭാഷയില്‍ നിന്നുമുള്ള നിരവധി പേര്‍ എമ്പുരാന് ആശംസകളുമായി എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് പോലും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ എമ്പുരാന് ആശംസകള്‍ അറിയിച്ചു.

അമിതാഭ് ബച്ചന്‍, രജിനികാന്ത്, അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരും രാജമൗലി, കരണ്‍ ജോഹര്‍, രാം ഗോപാല്‍ വര്‍മ, നാനി, അനിരുദ്ധ് രവിചന്ദര്‍ എന്നിവരുമൊക്കെ എമ്പുരാനും മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും ആശംസകള്‍ അറിയിച്ചു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും സോഷ്യല്‍ മീഡിയയിലൂടെ എമ്പുരാന് ആശംസകള്‍ അറിയിച്ചു.

ഇവര്‍ക്ക് പുറമെ നിരവധിയാളുകളാണ് എമ്പുരാന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ എത്തിയ ട്രെയ്‌ലറിന് 5.6 മില്യണില്‍ അധികം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ഒപ്പം ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് പേജിലൂടെ പുറത്തുവിട്ട് ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതുമാണ്.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്റില്‍ എത്തുന്നത്. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് എത്തുന്നത്.

Content Highlight: Amitabh Bachchan, Rajinikanth, Akshay Kumar And Many More Actors Shares Empuraan Trailer

Video Stories