| Tuesday, 5th April 2016, 8:05 pm

കള്ളപ്പണ നിക്ഷേപമില്ലെന്ന് അമിതാഭ് ബച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  തനിക്കെവിടെയും കള്ളപ്പണ നിക്ഷേപമില്ലെന്ന് നടന്‍ അമിതാഭ് ബച്ചന്‍. തന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കമ്പനികളുമായി തനിക്ക് ഒരു ബന്ധവുമില്ല. താന്‍ വിദേശത്ത് ഒരു കമ്പനിയുടെയും ഡയറക്ടറല്ല. വിദേശത്ത് ചെലവഴിച്ച എല്ലാ പണത്തിനും കൃത്യമായി നികുതി നല്‍കിയിട്ടുണ്ടെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നും ബച്ചന്‍ പറഞ്ഞു.

ബച്ചന്‍ ബഹാമസില്‍ മൂന്നും ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ ഒരു കപ്പല്‍ കമ്പനിയുടെയും ഡയറക്ടറാണെന്നാണ് വെളിപ്പെട്ടിരുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് അമിതാഭ് ബച്ചനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത്.

ബച്ചനെ കൂടാതെ മരുമകളായ ഐശ്വര്യറായി ബച്ചന്‍, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ് ലോട്ട് തുടങ്ങി 500 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്തു വന്നിരുന്നത്.

റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ സുഹൃത്തുക്കള്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണ്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമൂറണ്‍ തുടങ്ങീ നിരവധി ലോകനേതാക്കളുടെയും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

We use cookies to give you the best possible experience. Learn more