'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്തേക്ക് അമിതാബ് ബച്ചന്‍
Daily News
'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്തേക്ക് അമിതാബ് ബച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th January 2016, 12:57 pm

Amitab-Bachchan

ന്യൂദല്‍ഹി: “ഇന്‍ക്രെഡിബിള്‍ ഇന്ത്യ”യുടെ ബ്രാന്റ് അംബാസിഡറായി ഹിന്ദി സിനിമാതാരം അമിതാബ് ബച്ചനെ നിയമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയായ “ഇന്‍ക്രെഡിബിള്‍ ഇന്ത്യ”യുടെ  ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്ത് മുന്‍പ് ആമിര്‍ ഖാന്‍ ആയിരുന്നു .ആമിറുമായുള്ള കരാറവസാനിച്ചതിനെ തുടര്‍ന്നാണ് പ്രസ്തുത തസ്തികയിലേക്ക് നിലവില്‍ ഗുജറാത്ത് ടൂറിസം വകുപ്പിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ ബച്ചനെ തിരഞ്ഞെടുക്കുന്നത്.

മന്ത്രാലയത്തിന്റെ ലിസ്റ്റിലുണ്ടായിരുന്ന ആദ്യ വ്യക്തി ബച്ചനാണ് .ബച്ചനെ കൂടാതെ അക്ഷയ് കുമാര്‍,ദീപികാദുക്കോണ്‍ തുടങ്ങിയവരും  ലിസ്റ്റിലുള്‍പ്പെട്ടിരുന്നു. വിവാദങ്ങളില്‍ നിന്ന് വിട്ടകന്ന് നില്‍ക്കുന്ന വ്യക്തിത്വമാണ് ബിഗ്ബി എന്ന് വിളിക്കപ്പെടുന്ന  അമിതാബ് ബച്ചന്. കൂടാതെ ബച്ചന്‍ ഗുജറാത്ത് ടൂറിസം വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി എത്തിയശേഷം ഗുജറാത്തില്‍ പ്രത്യക്ഷമായ പല നല്ല മാറ്റങളുണ്ടായതായും സര്‍ക്കാര്‍ പറയുന്നു.

ആമിര്‍ഖാനുമായുള്ള കരാറവസാനിച്ചതു കാരണമാണ് ബ്രാന്റ് അംബാസിഡറെ മാറ്റുന്നതെന്ന് കേന്ദ്രം പറയുന്നു. പക്ഷേ, പ്രതിഫലം ഇല്ലാത്ത തസ്തികയായതിനാല്‍ കരാറവസാനിച്ചിട്ടില്ലെന്ന പ്രസ്ഥാവനയുമായി ആമിര്‍ രംഗത്തുവന്നു. മുന്‍പ് ആമിറിന്റെ അസഹിഷ്ണുതാ പ്രസ്ഥാവന നടത്തിയ ശേഷം അദ്ദേഹം കേന്ദ്രത്തിന് അനഭിമതനായിരുന്നു. ഇതിനു ശേഷം ആമിറിനെ പുരത്താക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.