| Sunday, 9th May 2021, 8:46 pm

ദല്‍ഹിയിലെ കൊവിഡ് സെന്ററിന് രണ്ടു കോടി വാഗ്ദാനം ചെയ്ത് അമിതാഭ് ബച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കൊവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ദല്‍ഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി രൂപയാണ് ബച്ചന്‍ വാഗ്ദാനം ചെയ്തത്.

തിങ്കളാഴ്ചയാണ് രകബ് ഗഞ്ചിലെ കൊവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ദല്‍ഹി സിഖ് ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

വിദേശത്ത് നിന്ന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സും എത്തിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ബച്ചന്‍ വാഗ്ദാനം ചെയ്‌തെന്നും സിര്‍സ പറഞ്ഞു.

300 ബെഡുകള്‍ സജ്ജീകരിച്ച കൊവിഡ് സെന്ററാണ് രകബ് ഗഞ്ച് ഗുരുദ്വാരയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതിനു വേണ്ട ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ്, ഡോക്ടേഴ്‌സ്, മെഡിസിന്‍ എന്നീ സൗകര്യവും ഇവിടെയൊരുക്കിയതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് രോഗികളെ ഇവിടെ പ്രവേശിപ്പിച്ച് തുടങ്ങുക.

ദല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സഹായവുമായി ബച്ചന്‍ രംഗത്തെത്തുന്നത്. രോഗവ്യാപനം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുകയാണ്. 4,03,738 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ചുമരിച്ചത്. രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amitabh Bachchan Gave 2 Crore For Covid Centre

We use cookies to give you the best possible experience. Learn more