പോയത് പ്രഭാസിനെക്കാണാന്‍, കണ്ടത് 81കാരന്റെ അഴിഞ്ഞാട്ടം, കല്‍ക്കിയില്‍ കലക്കിയ ഷെഹന്‍ഷാ
Entertainment
പോയത് പ്രഭാസിനെക്കാണാന്‍, കണ്ടത് 81കാരന്റെ അഴിഞ്ഞാട്ടം, കല്‍ക്കിയില്‍ കലക്കിയ ഷെഹന്‍ഷാ
അമര്‍നാഥ് എം.
Friday, 28th June 2024, 8:38 pm

കമല്‍ ഹാസന്‍, രജിനികാന്ത്, അമിതാഭ് ബച്ചന്‍ പോലുള്ള സൂപ്പര്‍ താരങ്ങളുടെ പീക്ക് പെര്‍ഫോമന്‍സ് പലതും ഇന്നത്തെ തലമുറയിലെ ആളുകള്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ഭാഗ്യമില്ലാതെ പോകുന്നുണ്ട്. ഇവരെയൊക്കെ എന്തിനാണ് സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കുന്നത്  എന്ന് പോലും പലരും ചോദിക്കുന്നുണ്ട്.

അവര്‍ക്ക് കമല്‍ ഹാസനും രജിനികാന്തും നല്‍കിയ മറുപടിയായിരുന്നു വിക്രമും ജയിലറും. അപ്പോഴും അമിതാഭ് ബച്ചന്‍ മാത്രം വേറിട്ട് നില്‍ക്കുകയായിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കിയിലെ പെര്‍ഫോമന്‍സിലൂടെ തന്നെ എന്തുകൊണ്ടാണ് സൂപ്പര്‍സ്റ്റാറെന്ന് വിളിക്കുന്നതെന്ന് താരം തെളിയിച്ചു. പ്രഭാസ് നായകനായ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ ടൈമും താരത്തിന് തന്നെയായിരുന്നു.

പ്രഭാസുമായുള്ള ഫേസ് ഓഫ് സീനുകളില്‍ പ്രഭാസിനെക്കാള്‍ സ്‌കോര്‍ ചെയ്തതും ബിഗ് ബി തന്നെയായിരുന്നു. സിനിമയുടെ ലോകം പരിചയപ്പെടുത്തുന്നതിനിടയില്‍ ഡൗണായി പോകുന്ന ആദ്യ പകുതിയെ മറ്റൊരു തലത്തിലേക്കെത്തിച്ചത് ബച്ചന്റെ വരവോടെയായിരുന്നു. രണ്ടാം പകുതി ഒട്ടുമുക്കാലും ചുമലിലേറ്റിയത് അമിതാഭ് ബച്ചനായിരുന്നു.

എട്ടടിയോളം പൊക്കമുള്ള, ആര്‍ക്കും തോല്പിക്കാനാകാത്ത മഹാഭാരതത്തിലെ അശ്വത്ഥാമാവ് അമിതാഭ് ബച്ചന്റെ കൈയില്‍ ഭദ്രമായിരുന്നു. സ്‌ക്രീന്‍ പ്രസന്‍സും തന്റെ ഓറയും കൊണ്ട് മറ്റാരെയും സങ്കല്‍പിക്കാന്‍ പറ്റാത്ത വിധത്തില്‍ അമിതാഭ് ബച്ചന്‍ ഗംഭീരമാക്കി. 81ാം വയസിലും പ്രായത്തെ മറികടന്നുകൊണ്ടുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ തമ്മിലുള്ള ഫേസ് ഓഫ് സീന്‍ തിയേറ്ററുകളില്‍ തീ പടര്‍ത്തുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ സിനിമ ഈയടുത്ത് കണ്ട ഏറ്റവും വലിയ സിനിമയിലെ മികച്ച പ്രകടനം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തതോടുകൂടി ഇദ്ദേഹത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പട്ടം ഇനിയാര്‍ക്കും ലഭിക്കില്ല എന്ന് ഉറപ്പിക്കാം. ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍ തന്നെ.

Content Highlight: Amitabh Bachan’s perfomance in Kalki 2898 AD

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം