രാഷ്ട്രീയത്തിലിറങ്ങാന്‍ പേടിയാണ്, എന്റെ ജീവിതത്തെ തന്നെ ഇല്ലാതാക്കിയേക്കും: അമിതാഭ് ബച്ചന്‍
Indian Cinema
രാഷ്ട്രീയത്തിലിറങ്ങാന്‍ പേടിയാണ്, എന്റെ ജീവിതത്തെ തന്നെ ഇല്ലാതാക്കിയേക്കും: അമിതാഭ് ബച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd February 2021, 5:35 pm

രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തനിക്ക് പേടിയാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. രാഷ്ട്രീയം ഒരുപക്ഷേ തന്റെ ജീവിതത്തെ തന്നെ അപകടത്തിലാക്കുമെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. പല സിനിമാതാരങ്ങളും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു ആഗ്രഹം മനസിലുണ്ടോ എന്ന ചോദ്യത്തിനായിരുന്നു റിപ്പബ്ലിക്ക് ടിവിയോടുള്ള അമിതാഭ് ബച്ചന്റെ മറുപടി.

‘സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി വിജയക്കൊടിപാറിച്ചവര്‍ ഏറെയുണ്ട്. ജയലളിതയും എന്‍.ടി.ആറും എം.ജി.ആറുമെല്ലാം അതില്‍ പ്രമുഖരാണ്. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ അതിനെക്കുറിച്ച് നല്ല അറിവ് വേണം. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായി അറിയില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് ഉടനെയില്ല. എനിക്ക് പേടിയാണ് രാഷ്ട്രീയത്തിലിറങ്ങാന്‍. അത് ചിലപ്പോള്‍ എന്റെ ജീവിതത്തെ തന്നെ അപകടത്തിലാക്കും. അതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഞാനില്ല. എനിക്ക് അഭിനയിക്കാനേ അറിയൂ. അതാണ് എന്റെ ജീവിതം. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വലിയ ബാധ്യത ഏല്‍ക്കേണ്ടി വരും. എനിക്ക് അതിന് താത്പര്യമില്ല. വളരെ സ്വസ്ഥമായ ജീവിതം നയിക്കാനാണ് എനിക്കിഷ്ടം’, ബച്ചന്‍ പറഞ്ഞു.

നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള താങ്കള്‍ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നായിരുന്നു അമിതാഭ് ബച്ചന്റെ മറുപടി. മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും പക്ഷേ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അമിതാഭ് ബച്ചന്‍ പറയുന്നു.

‘ഒരു സംസ്ഥാനത്തിന് വേണ്ടി ബ്രാന്‍ഡ് അംബാസിഡറാകുമ്പോള്‍ ഞാന്‍ കാശുവാങ്ങാറില്ല. അതൊരു വ്യക്തിയോടോ പാര്‍ട്ടിയോടോ ഇഷ്ടമുള്ളതുകൊണ്ടല്ല. നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടാണ്. എല്ലാ നേതാക്കളുമായും എനിക്ക് അടുത്ത ബന്ധമുണ്ട്,’ ബച്ചന്‍ പറഞ്ഞു.

ബോഫേഴ്‌സ് അഴിമതിയില്‍ താങ്കള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. അതിന്റെ സത്യമെന്താണ് എന്ന ചോദ്യത്തിന് നെഹ്‌റു കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ട് എന്നല്ലാതെ ബോഫേഴ്‌സുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നായിരുന്നു ബച്ചന്റെ മറുപടി. ‘ എന്നെ അന്ന് വെറുതെ കുറ്റക്കാരനാക്കിയതാണ്. അല്ലാതെ എനിക്കെതിരെ ഒരുതെളിവും ആര്‍ക്കും കൊണ്ടുവരാന്‍ പറ്റിയിട്ടില്ല. രാജീവ് ഗാന്ധിയുമായി എനിക്ക് ആത്മാര്‍ത്ഥമായ ബന്ധമുണ്ടായിരുന്നു. അദ്ദേഹം എന്നേയും ഉറ്റചങ്ങാതിയായാണ് പരിഗണിച്ചത്. അതുകൊണ്ടാവാം എന്നേയും പ്രതിചേര്‍ത്തത്’, അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Amitabh Bachan Comment On Enter Politics