|

'അമിത് ഷായുടെ സന്ദര്‍ശനവും പ്രസംഗവും തിരിച്ചടിയായി'; മലക്കം മറിഞ്ഞ് ബി.ജെ.പി; ഉദ്ദേശിച്ചതതല്ലെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനവും തുടര്‍ന്ന് നടത്തിയ പ്രസംഗവും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ശബരിമല വിഷയത്തില്‍ പാര്‍ട്ടി ജനങ്ങളില്‍ ഉണ്ടാക്കിയെടുത്ത ഹൈപ്പ് അമിത് ഷായുടെ പ്രസംഗത്തോടെ ഇല്ലാതായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെ അദ്ദേഹമുദ്ദേശിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലല്ലെന്ന് വിശദീകരിച്ച് ബി.ജെ.പിയ്ക്ക് രംഗത്തെത്തേണ്ടി വരികയും ചെയ്തിരുന്നു.

ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണ് അമിത്ഷാ ഉദ്ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുത്തതോടെയാണ് ബി.ജെ.പി. സംസ്ഥാനനേതൃത്വം അമിത് ഷായുടെ പ്രസ്താവനയില്‍ വിശദീകരണം നല്‍കേണ്ട ഗതികേടില്‍ എത്തിയത്.

“ആചാരങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ല” എന്നായിരുന്നു കഴിഞ്ഞദിവസം കണ്ണൂരില്‍ അമിത് ഷാ പ്രസംഗിച്ചത്.

ഭരണഘടനയേയും സുപ്രീം കോടതിയേയും വെല്ലുവിളിച്ച് ഇടതുസര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. പരമോന്നത കോടതി പോലും തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് നീങ്ങണമെന്ന അമിത് ഷായുടെ ഭീഷണി തിരുത്തണമെന്ന് സാമൂഹ്യ-രാഷ്ട്രീയ നേതാക്കളും നിയമജ്ഞരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു.


ഭീഷണി പ്രസംഗം തിരിച്ചടിയാകും; അമിത് ഷായ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍


ഇതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ കേരളത്തിലെ ജനങ്ങള്‍ തിരിയുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മലക്കം മറിഞ്ഞു.

ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്നാണ് ദേശീയ അധ്യക്ഷന്‍ പറഞ്ഞതെന്നും അല്ലാതെ, കേന്ദ്രസര്‍ക്കാര്‍ ഇടപെടലല്ല ഉദ്ദേശിച്ചതെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ന്യായീകരണം.

അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു ബി.ജെ.പിയുടെ അടുത്ത ന്യായീകരണം. കേന്ദ്രസര്‍ക്കാരിന് സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തിലേ കഴിയൂ. ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച് നീങ്ങാനുള്ള സാഹചര്യങ്ങളുണ്ടാവണം. കേരളത്തില്‍ നിലവില്‍ അത്തരമൊരു അവസ്ഥയില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

ഇടതുസര്‍ക്കാരിന് കിട്ടിയ ഭരണം ബി.ജെ.പി.യുടെ ദയാദാക്ഷിണ്യത്തിലല്ല എന്നുപറഞ്ഞുകൊണ്ട് അതേദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത്ഷായ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

ഞായറാഴ്ച ദേശീയതലത്തിലേക്കും പ്രതിഷേധം കനത്തു. കോണ്‍ഗ്രസ്, സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ, ബി.എസ്.പി. നേതാവ് മായാവതി, വിവിധ ഇടതുനേതാക്കള്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


ശബരിമല സ്ത്രീപ്രവേശനം; ആര്‍.എസ്.എസ് നിലപാടില്‍ മൗനപ്രതിഷേധവുമായി ആര്‍. സഞ്ജയന്‍


സര്‍ക്കാരിനെതിരായ അമിത് ഷായുടെ ഭീഷണിയില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒന്നിച്ചതും ബി.ജെ.പി.ക്ക് തിരിച്ചടിയായി. എന്നാല്‍, വിശ്വാസികളെ പാതിവഴിയിലുപേക്ഷിച്ച കുറ്റത്തിലെ പ്രതികളാണ് കോണ്‍ഗ്രസെന്നാണ് ബി.ജെ.പി ഇതിന് മറുപടി പറഞ്ഞത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ അദ്ദേഹം എന്തും ചെയ്യുമെന്നും രാജ്യത്തെ പല കഷ്ണങ്ങളായി മുറിച്ച് നേട്ടമുണ്ടാക്കുന്ന സംഘത്തിന്റെ ഏറ്റവും വലിയ നേതാവാണ് അമിത് ഷായെന്നും രാമചന്ദ്രഗുഹ കുറ്റപ്പെടുത്തിയിരുന്നു.

അമിത് ഷായുടെ പ്രസ്താവന ഒരു എം.എല്‍.എ. മാത്രമുള്ള ബി.ജെ.പി.ക്ക് കേരളത്തില്‍ കാലുകുത്താന്‍ കഴിയാത്തതിന്റെ നിരാശയില്‍നിന്നാണെന്നും ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണിതെന്നും നടപ്പാക്കാന്‍ കഴിയാവുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്നുപറഞ്ഞ അമിത് ഷാ കോടതികളെ ഉന്നംവെയ്ക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞിരുന്നു.

“അമിത് ഷായുടെ പ്രസംഗം ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തെ ജനാധിപത്യം അപകടത്തിലായെന്നാണ് ആ പ്രസംഗം കാണിക്കുന്നത്. നിരുത്തരവാദപരവും പ്രകോപനപരവുമായ ആ പ്രസംഗം കോടതി ശ്രദ്ധിക്കണം. ഇത് അപലപിക്കേണ്ടതാണ്. കോടതിവിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ ബി.ജെ.പി. കോടതിയെ സമീപിക്കട്ടെ. റോഡുകളില്‍ ബഹളമുണ്ടാക്കുകയും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് ഭീഷണിമുഴക്കുകയുമല്ല ചെയ്യേണ്ടത്. പ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി. മതപരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്ന”തെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതിയും പ്രതികരിച്ചിരുന്നു.

Latest Stories