| Sunday, 18th March 2018, 10:14 am

'ഒന്നും യോഗിയുടെ കുറ്റമല്ല' യു.പിയിലെ തിരിച്ചടിയില്‍ ആദ്യ പ്രതികരണവുമായി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പിയിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ആദ്യ പ്രതികരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിരോധിച്ചുകൊണ്ടാണ് അമിത് ഷാ തെരഞ്ഞെടുപ്പു പരാജയം വിലയിരുത്തിയത്.

ബി.ജെ.പി മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പിയെന്നും അദ്ദേഹം പറഞ്ഞു. “ഉപതെരഞ്ഞെടുപ്പു ഫലത്തെ പാര്‍ട്ടി ഗൗരവമായി കാണുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും.” സീ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.


Also Read: നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി തള്ളി


ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയത്തിന് ഒരുപാട് കാരണങ്ങളുണ്ടാവും. വോട്ടിങ് ശതമാനം കുറവായിരുന്നു. എസ്.പിയും ബി.എസ്.പിയും ഒരുമിച്ചു നിന്നാണ് മത്സരത്തെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

യു.പിയിലെ എസ്.പി, ബി.എസ്.പി സഖ്യം ഒരു തരത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കില്ലെന്നു പറഞ്ഞ അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 50%ത്തിലേറെ വോട്ടു ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു.

“യോഗി സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നത്. നമുക്ക് ലഭിച്ച മികച്ച ബി.ജെ.പി സര്‍ക്കാറുകളില്‍ ഒന്നാണത്. യോഗി സര്‍ക്കാറിനുളള ഹിതപരിശോധനയാണ് ഉപതെരഞ്ഞെടുപ്പ് എന്ന് ഞാന്‍ കരുതുന്നില്ല.” എന്നും ഷാ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസ് ആഘോഷിക്കുന്നതിനെയും അമിത് ഷാ കളിയാക്കി. ഇരു സീറ്റുകളിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ട പാര്‍ട്ടി ഇങ്ങനെ ആഘോഷിക്കുന്നതു കാണുമ്പോള്‍ അതിശയം തോന്നുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more