പൗരത്വഭേദഗതി ചര്‍ച്ചയ്ക്കിടെ അമിത് ഷാ പാര്‍ലമെന്റില്‍ നിരത്തിയ ആ കണക്കുകള്‍ തെറ്റ്; വസ്തുതകള്‍ ഇങ്ങനെ
India
പൗരത്വഭേദഗതി ചര്‍ച്ചയ്ക്കിടെ അമിത് ഷാ പാര്‍ലമെന്റില്‍ നിരത്തിയ ആ കണക്കുകള്‍ തെറ്റ്; വസ്തുതകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2019, 4:05 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്‍ അവതരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഉന്നയിച്ച ഒരു വാദം 1947 ല്‍ പാക്കിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ 23 ശതമാനം ആയിരുന്ന ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നായിരുന്നു.

1947 ല്‍ 22 ശതമാനം ആയിരുന്ന ബംഗ്ലാദേശിലെ ന്യൂനപക്ഷം 2011 ആയപ്പോഴേക്കും 7.8 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ബുധനാഴ്ച രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെയും അമിത് ഷാ ഈ അവകാശവാദം ആവര്‍ത്തിച്ചിരുന്നു. പാകിസ്ഥാനിലും ബംഗ്ലാദേശിലും മത ന്യൂനപക്ഷ ജനസംഖ്യയില്‍ 20 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത് എന്നായിരുന്നു അമിത് ഷാ അവകാശപ്പെട്ടത്.

പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ന്യൂനപക്ഷങ്ങള്‍ എവിടേക്കാണ് അപ്രത്യക്ഷമാകുന്നത്? ഇവരെല്ലാം ഒന്നുകില്‍ മതപരിവര്‍ത്തനത്തിന് വിധേയരായി, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടു. ബാക്കിയുള്ളവര്‍ ഇന്ത്യയിലേക്ക് വന്നു. അവരുടെ അസ്തിത്വത്തിന്റെ പ്രശ്നമാണ്. അവര്‍ക്ക് അംഗീകാരം നല്‍കേണ്ടതുണ്ട്. – എന്നായിരുന്നു അമിത് ഷാ സഭയില്‍ പറഞ്ഞത്.

ബി.ജെ.പിയുടെ നിലപാടായിരുന്നു അമിത് ഷാ സഭയില്‍ അവതരിപ്പിച്ചത്. 1947 ലെ വിഭജനത്തിന് ശേഷം പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ (പ്രത്യേകിച്ച് ഹിന്ദുക്കള്‍) കടുത്ത പീഡനത്തിന് ഇരയാകുന്നുവെന്ന് പറയാനായി ബി.ജെ.പിയും ഇന്ത്യയിലെ വലതുപക്ഷ സംഘടനകളും സമാനമായ കണക്കുകള്‍ മുന്‍പും ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഈ കണക്കുകള്‍ എത്രത്തോളം ശരിയാണ് എന്ന കാര്യമാണ് ഇന്ത്യാ ടുഡേ പരിശോധിച്ചത്. പാക്കിസ്ഥാനിലെ അമുസ്ലിങ്ങളുടെ ജനസംഖ്യ 23 ശതമാനത്തില്‍ നിന്ന് ഇന്ന് 3.7 ശതമാനമായി ചുരുങ്ങിയിട്ടുണ്ടോയെന്നും ഈ അവകാശവാദത്തിന്റെ അടിസ്ഥാനം എന്താണെന്നുമാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. പാകിസ്ഥാന്റെ സെന്‍സസ് ഡാറ്റ പ്രകാരം അമിത് ഷാ പറഞ്ഞ കണക്കുകള്‍ തെറ്റാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ മുസ്‌ലിം ഇതര ജനസംഖ്യയുടെ കണക്കുകള്‍ ഇങ്ങനെ..

1947 ഓഗസ്റ്റ് 14 നാണ് പാകിസ്ഥാന് ഒരു പ്രത്യേക രാഷ്ട്രമെന്ന പദവി ലഭിച്ചത്. അക്കാലത്ത്, കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശും പാകിസ്ഥാനിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഈ രണ്ട് പ്രദേശങ്ങളും ഒരു പുതിയ സ്വതന്ത്ര മതരാഷ്ട്രമായി മാറുകയും ചെയ്തു.

1947 ല്‍ പാക്കിസ്ഥാന്റെ ജനസംഖ്യയുടെ മതപരമായ ഘടനയെക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.

1947 ലെ പാകിസ്ഥാന്റെ മതഘടനയെക്കുറിച്ചും ജനസംഖ്യയെ കുറിച്ചുമുള്ള തന്റെ പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇത്തരമൊരു കണക്കിന്റെ ഉറവിടം എവിടെയാണെന്നും പരാമര്‍ശിച്ചിട്ടില്ല.

പാക്കിസ്ഥാന്റെ മതപരമായ ഘടനയെക്കുറിച്ചുള്ള മുന്‍ കണക്കുകള്‍ 1941 ലെ സെന്‍സസില്‍ നിന്നുള്ളതാണ്. എന്നാല്‍ ഇത്തമൊരു കണക്ക് അവിഭക്ത ഇന്ത്യയില്‍ നടത്തിയതിനാല്‍ അത്തരമൊരു കണക്കിനെ അടിസ്ഥാനപ്പെടുത്തുന്നതിലും അര്‍ത്ഥമില്ല. 1947 ലെ വിഭജനത്തിനുശേഷം ഉണ്ടായ അടിസ്ഥാന സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല ഈ കണക്കുകള്‍.

രൂപവത്കരണത്തിന് ശേഷം 1951 ല്‍ ആണ് പാകിസ്ഥാനില്‍ ആദ്യത്തെ സെന്‍സസ് നടത്തിയത്. ഈ സെന്‍സസില്‍ കിഴക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനും ഉള്‍പ്പെട്ടിരുന്നു.

ഈ സെന്‍സസ് പ്രകാരം 1951 ല്‍ പാകിസ്ഥാനിലെ മൊത്തം ജനസംഖ്യയില്‍ മുസ്‌ലിങ്ങള്‍ 85.80 ശതമാനവും അമുസ്ലിങ്ങള്‍ 14.20 ശതമാനവുമായിരുന്നു.

1951 ലെ സെന്‍സസില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം പാകിസ്ഥാനിലെ അമുസ്ലിം വിഭാഗങ്ങള്‍ ചില പ്രത്യേക മേഖലകളില്‍ കേന്ദ്രീകൃതമായിരുന്നു എന്നതാണ്.

പശ്ചിമ പാകിസ്ഥാനില്‍ മുസ്‌ലിം ഇതര ജനസംഖ്യ വെറും 3.44 ശതമാനമാണ്. കിഴക്കന്‍ പാകിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) മുസ്‌ലീം ജനസംഖ്യ 23.20 ശതമാനമായിരുന്നു.

1951 ലെ സെന്‍സസ് പ്രകാരം പാകിസ്ഥാനിലെ മൊത്തം ജനസംഖ്യയില്‍ മുസ്‌ലിങ്ങളുടെ പങ്ക് 85.80 ശതമാനവും അമുസ്ലിംകളുടെ പങ്ക് 14.20 ശതമാനവുമാണ്.

ഇന്നത്തെ പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിലെ മാറ്റം മനസിലാക്കാന്‍, പശ്ചിമ പാകിസ്ഥാനിലെയും കിഴക്കന്‍ പാകിസ്ഥാനിലെയും (ഇപ്പോള്‍ ബംഗ്ലാദേശ്) ജനസംഖ്യകളെ കുറിച്ച് പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്.

പശ്ചിമ പാക്കിസ്ഥാനില്‍ എന്താണ് സംഭവിച്ചത് ?

ഇന്ന് പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന പ്രദേശത്തെ മൊത്തം ജനസംഖ്യയുടെ 96.56 ശതമാനം 1951 ല്‍ മുസ്‌ലീങ്ങളായിരുന്നു.

1961 ലാണ് പാകിസ്ഥാനിലെ അടുത്ത സെന്‍സസ് നടത്തിയത്, പശ്ചിമ പാകിസ്ഥാനിലെ അമുസ്‌ലീം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 2.83 ശതമാനമായി കുറഞ്ഞുവെന്ന് കാണിക്കുന്നുണ്ട്.

1972 ആയപ്പോഴേക്കും പാകിസ്ഥാന്‍ മൂന്നാമത്തെ സെന്‍സസ് നടത്തിയപ്പോള്‍ കിഴക്കന്‍ പാകിസ്താന്‍ മോചിപ്പിക്കപ്പെടുകയും പിന്നീട് ഇത് ബംഗ്ലാദേശ് ആയി മാറുകയും ചെയ്തു.

1972 ലെ സെന്‍സസ് പ്രകാരം പാകിസ്ഥാനിലെ അമുസ്ലിങ്ങള്‍ മൊത്തം ജനസംഖ്യയുടെ 3.25 ശതമാനമായി. ഇത് 1961 ലെ അവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

1981 ല്‍ അടുത്ത സെന്‍സസ് നടത്തുമ്പോള്‍ പാകിസ്ഥാനിലെ അമുസ്‌ലിം ജനസംഖ്യ 3.25 ശതമാനത്തില്‍ നിന്ന് 3.30 ശതമാനമായി ഉയരുകയാണ് ഉണ്ടായത്.

1981 ലെ സെന്‍സസിനുശേഷം, 15 വര്‍ഷക്കാലത്തേക്ക് പാകിസ്ഥാന്‍ പുതിയ സെന്‍സസ് നടത്തിയിട്ടില്ല, പിന്നീട് സെന്‍സസ് നടക്കുന്നത് 1998 ല്‍ ആണ്. ഈ സെന്‍സസ് പ്രകാരം 1998 ല്‍ പാകിസ്ഥാനിലെ അമുസ്‌ലിം ജനസംഖ്യ 3.70 ശതമാനമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തിടെ, 2017 ല്‍ പാകിസ്ഥാന്‍ പുതിയ സെന്‍സസ് നടത്തിയെങ്കിലും അതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചുരുക്കത്തില്‍, പാക്കിസ്ഥാന്റെ സെന്‍സസ് ഡാറ്റയെ പരിശോധിക്കുമ്പോള്‍ അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ കണക്കുകള്‍ തെറ്റാണെന്ന് വ്യക്തമാകും.

1) പാകിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ 23 ശതമാനം അമുസ്ലിങ്ങള്‍ ഉണ്ടായിരുന്നില്ല.

2) അവിഭക്ത പാക്കിസ്ഥാനില്‍ പോലും, അമുസ്‌ലിം ജനസംഖ്യ 15 ശതമാനം പോലും ഉണ്ടായിരുന്നില്ല (ഏറ്റവും ഉയര്‍ന്ന അമുസ്‌ലീം ജനസംഖ്യ 1951 ല്‍ 14.2 ശതമാനമായിരുന്നു.)

3) ഇന്നത്തെ പാകിസ്ഥാനില്‍ (അതായത് പഴയ പടിഞ്ഞാറന്‍ പാകിസ്താന്‍) 1951 ല്‍ ജനസംഖ്യയുടെ 3.44 ശതമാനം അമുസ്ലിംകളാണ്.

4) സെന്‍സസ് ഡാറ്റ പ്രകാരം പാകിസ്ഥാനില്‍ അമുസ്‌ലീങ്ങളുടെ ശതമാനം പതിറ്റാണ്ടുകളായി 3.5 ശതമാനവുമായി അടുത്തുനില്‍ക്കുന്നതാണ്.

 

1971 ല്‍ ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാകിസ്ഥാനിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇങ്ങനെയാണ്.

1951 ല്‍ കിഴക്കന്‍ പാകിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ 23.20 ശതമാനം അമുസ്‌ലിംകളാണെന്ന് പാകിസ്ഥാന്റെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ബി.ജെ.പി അവകാശപ്പെടുന്ന രീതിയിലുള്ള കുറവുകള്‍ സംഭവിച്ചിട്ടില്ല.

1961 ആയപ്പോഴേക്കും കിഴക്കന്‍ പാകിസ്ഥാനില്‍ അമുസ്‌ലിങ്ങള്‍ 19.57 ശതമാനമായി കുറഞ്ഞു. 1974 ല്‍ 14.60 ശതമാനമായും 1981 ല്‍ 13.40 ശതമാനമായും 1991 ല്‍ 11.70 ശതമാനമായും 2001 ല്‍ 10.40 ശതമാനവുമായാണ് കുറഞ്ഞത്.

2011 ല്‍ നടത്തിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെയാണ് അമുസ്ലിംകളുടെ എണ്ണം. 2011 ല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 9.60 ശതമാനം അമുസ്ലിംകളാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അങ്ങനെ, 1951 നും 2011 നും ഇടയില്‍, അമുസ്ലിംകളുടെ ജനസംഖ്യ 23.20 ശതമാനത്തില്‍ നിന്ന് 9.40 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.

എന്നാല്‍ ബി.ജെ.പി അവകാശപ്പെട്ടതുപോലെ പാകിസ്ഥാനിലെ അമുസ്‌ലിങ്ങളുടെ എണ്ണം 1947 ല്‍ 23 ശതമാനമുണ്ടായത് 2011 ല്‍ 3.7 ശതമാനമായി കുറഞ്ഞിട്ടില്ല.

സ്വാതന്ത്ര്യ സമയത്ത് ബംഗ്ലാദേശിലെ അമുസ്ലിം ജനസംഖ്യ 22 ശതമാനമായിരുന്നു, 2011 ല്‍ ഇത് 7.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഈ രണ്ട് ഇസ്ലാമിക രാജ്യങ്ങളിലും അമുസ്ലിംകളുടെ ജനസംഖ്യാ വിഹിതം കുറയുന്നത് വ്യാപകമായ മതപരമായ പീഡനം കാരണമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

1947 ലെ വിഭജന സമയത്ത് ആയിരക്കണക്കിന് അമുസ്ലിംകള്‍ പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു വസ്തുതയാണ് എന്നാല്‍ കണക്കുകളുടെ അഭാവത്തില്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നതില്‍ അടിസ്ഥാനമില്ലെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടു ചെയ്യുന്നു.

രണ്ടാമതായി, പാകിസ്ഥാനില്‍ അമുസ്ലിംകളുടെ പങ്ക് 23 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞുവെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ഇതും തെറ്റാണ്, കാരണം പാകിസ്ഥാനിലെ അമുസ്‌ലിങ്ങളുടെ വിഹിതം ആദ്യ സെന്‍സസ് മുതല്‍ 3.5 ശതമാനം വരെ ഉയരുകയാണ് ഉണ്ടായത്.

1951: 3.44 ശതമാനം
1961: 2.80 ശതമാനം
1972: 3.25 ശതമാനം
1981: 3.33 ശതമാനം
1998: 3.70 ശതമാനം

മൂന്നാമതായി, ബംഗ്ലാദേശില്‍ അമുസ്ലിംകളുടെ ശതമാനം ഗണ്യമായി കുറഞ്ഞുവെന്ന് പറയുന്നതില്‍ ബി.ജെ.പിയുടെ ശരിയാണ്. എന്നാല്‍ 22 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി ഇടിവുണ്ടായെന്ന് പറയുന്നത് തെറ്റാണ്.

ഔദ്യോഗിക സെന്‍സസ് കണക്കുകള്‍ പ്രകാരം 1951 ല്‍ 23.20 ശതമാനത്തില്‍ നിന്ന് 2011 ല്‍ 9.40 ശതമാനമായി കുറഞ്ഞെന്നാണ് മനസിലാകുന്നത്.

നാലാമതായി, ബംഗ്ലാദേശില്‍ അമുസ്‌ലിം ജനസംഖ്യ കുറയാന്‍ കാരണം മതപരമായ പീഡനമാണെന്നാണ് ബി.ജെ.പി വാദിച്ചത്. കിഴക്കന്‍ പാകിസ്ഥാനിലും പിന്നീട് ബംഗ്ലാദേശിലും മതന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. എന്നാല്‍ മതപരമായ പീഡനത്തിനു പുറമേ, ശക്തമായ മറ്റ് ഘടകങ്ങളും ഉണ്ടായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.