| Saturday, 13th May 2023, 8:26 pm

കേരളത്തെ ഓര്‍ക്കണമെന്ന് അമിത് ഷാ; ഓര്‍ത്ത് വോട്ട് ചെയ്ത് കന്നഡക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമാവുകയാണ്. ബി.ജെ.പി കര്‍ണാടകയില്‍ ഉടനീളം നടത്തിയ വര്‍ഗീയ വിദ്വേഷ ഭരണത്തിനാണ് ഇന്ന് കന്നഡക്കാര്‍ മറുപടി നല്‍കിയത്.

കേരളം ബി.ജെ.പിയെ സംബന്ധിച്ച് ഒരു സ്വപ്‌ന ഭൂമിയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ബി.ജെ.പിക്ക് ഒരു എം.എല്‍.എ മാത്രമാണ് ഉണ്ടായിരുന്നത്. അത്ര പോലും താമര വിരിയാന്‍ സാധ്യതയില്ലാത്ത ഇടമാണ് കേരളം. ബി.ജെ.പി നേതാക്കളെ സംബന്ധിച്ച് കേരളം അന്യദേശമാണ്.

അതുകൊണ്ട് തന്നെ എത്രത്തോളം കേരളത്തെ മോശമായി ചിത്രീകരിക്കാമെന്നും കേരള വിരുദ്ധ മനോഭാവം സൃഷ്ടിക്കാമെന്നും നിരന്തരം ബി.ജെ.പി ശ്രമിക്കുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ച് ആ ദൗത്യം ഏറ്റെടുത്തിയിരിക്കുകയാണ്.

കര്‍ണാടകയിലും കേരളത്തിനെതിരെ വര്‍ഗീയ വിഷം ചീറ്റാന്‍ അവര്‍ മറന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ തന്നെ കേരളത്തെക്കുറിച്ച് പറയാന്‍ നേതാക്കള്‍ മടിച്ചില്ല. എല്ലാ പണിയും മാറ്റി വെച്ച് കര്‍ണാടകയില്‍ തുടര്‍ഭരണം കൊണ്ടുവരാന്‍ മാന്‍പവറും മണിപവറും ഒരുമിച്ചിറക്കിയ സമയത്തും കിട്ടുമ്പോഴൊക്കെ അവര്‍ കേരളത്തെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു.

കേരളത്തെ കണ്ട് കര്‍ണാടകക്കാര്‍ പഠിക്കുമെന്ന ഭയവും, കേരളം പോലെ മതേതര കാഴ്ചപ്പാടുള്ള സംസ്ഥാനവുമായുള്ള അതിര്‍ത്തി പങ്കിടല്‍ ബി.ജെ.പിയുടെ നാശത്തിലേക്ക് നയിക്കുമെന്ന ആശങ്കയും അവരിലുണ്ടായിരുന്നു.

‘തൊട്ടടുത്ത് കേരളമാണ്. കൂടുതല്‍ ഒന്നും ഞാന്‍ പറയണ്ടല്ലോ. മോദിയുടെ നേതൃത്വത്തില്‍, ബി.ജെ.പി സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകൂ,’ പുത്തൂരില്‍ തെരഞ്ഞടുപ്പ് റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകരെ അമിത് ഷാ അഭിസംബോധന ചെയ്തത് ഇങ്ങനെയാണ്. കേരളം പ്രശ്‌നബാധിത പ്രദേശമാണെന്ന അര്‍ത്ഥമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അന്ന് നല്‍കിയത്.

അടുത്തത് മോദിയുടെ ഊഴമായിരുന്നു. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ഇസ്‌ലാമോഫോബിക് ആശയങ്ങള്‍ ഉള്‍കൊണ്ട കേരള സ്‌റ്റോറിയായിരുന്നു മോദിയുടെ ടൂള്‍.

‘മനോഹരമായ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്നാണ് കേരള സ്‌റ്റോറി പറയുന്നത്. പക്ഷേ കോണ്‍ഗ്രസിനെ നോക്കൂ, അവര്‍ തീവ്രവാദികളോടൊപ്പം നിന്ന് അതിനെ നിരോധിക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദത്തെയാണ് കേരള സ്റ്റോറി തുറന്നുകാട്ടുന്നത്. സമൂഹത്തില്‍ രൂപം കൊണ്ടിരിക്കുന്ന പുതിയ തീവ്രവാദത്തെയാണ് സിനിമ തുറന്ന് കാട്ടുന്നത്.

ഇപ്പോള്‍ പുതിയ തീവ്രവാദം രൂപപ്പെട്ടിരിക്കുകയാണ്. ബോംബുകളും ആയുധങ്ങളും ഉപയോഗിക്കുന്നതിന് പകരം സമൂഹത്തെ ഉള്ളില്‍ നിന്ന് കൊണ്ട് തകര്‍ക്കാന്‍ അത് ശ്രമിക്കുന്നു,’ ബെല്ലാരിയിലെ മോദിയുടെ വാക്കുകളാണിത്.

ബി.ജെ.പിയുടെ വക സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്താനും മറന്നില്ല. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ അടക്കമുള്ളവര്‍ പ്രത്യേക പ്രദര്‍ശനത്തില്‍ അതിഥികളായി. തേജസ്വി സൂര്യ എം.പി തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ടിക്കറ്റിന്റെ വിശദ വിവരങ്ങളും പങ്കുവെച്ചു.

പെണ്‍കുട്ടികള്‍ക്കുള്ള സന്ദേശമാണ് ഈ സിനിമയെന്നും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സാമൂഹ്യ പ്രശ്‌നങ്ങളാണ് സിനിമ പ്രതിഫലിപ്പിക്കുന്നതെന്നുമാണ് തേജസ്വി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി മുതല്‍ താഴെക്കിടയിലുള്ള ബി.ജെ.പി നേതാക്കള്‍ വരെ കേരള സ്‌റ്റോറിയെ പ്രകീര്‍ത്തിച്ചും പ്രോത്സാഹിപ്പിച്ചും രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ കന്നഡമക്കള്‍ ബി.ജെ.പിയെ ഓടിച്ചെങ്കിലും അമിത് ഷായുടെ വാക്കുകള്‍ അവര്‍ സ്വീകരിച്ചു. കേരളത്തെ കണ്ട് പഠിച്ച് ഒരു പരിധി വരെ അവര്‍ ഇത്തവണ ബി.ജെ.പിയെ തുരത്തിയിട്ടുണ്ട്.

content highlight: Amit Shah wants to remember Kerala; Kannada people remember and vote

We use cookies to give you the best possible experience. Learn more