| Friday, 16th November 2018, 1:21 pm

ശബരിമല വിഷയം കത്തിക്കണം, തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പിടിക്കാനുള്ള ആയുധം ശബരിമലയാക്കണം; കേരളത്തിലെ ബി.ജെ.പി നേതാക്കളോട് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാംഗ്ലൂര്‍: ശബരിമല വിഷയം പരമാവധി ഉപയോഗപ്പെടുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകരോട് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. മാംഗ്ലൂരില്‍ നടത്തിയ ആര്‍.എസ്.എസിന്റെ പ്രത്യേക യോഗത്തിലാണ് കേരളത്തിലെ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളോട് ശബരിമല വിഷയം പരമാവധി കത്തിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്.

ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി, നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാം ലാല്‍, നാഷണല്‍ ജോയിന്റ് ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യത്തക്ക രീതിയില്‍ ശബരിമല വിഷയം ഉപയോഗപ്പെടുത്തണമെന്നും അതിനായി വ്യത്യസ്ത രീതിയിലുള്ള തന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നുമാണ് അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.


തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ ബി.ജെ.പിക്കാരി; മടങ്ങിപ്പോകാന്‍ ചെന്നിത്തലയും ശ്രീധരന്‍പിള്ളയും പറയേണ്ട കാര്യമേയുള്ളൂ: കടകംപള്ളി സുരേന്ദ്രന്‍


ശബരിമല പ്രതിഷേധം തുടര്‍ന്നുകൊണ്ടുപോകണമെന്നും അതിനായി പുതിയ തന്ത്രങ്ങള്‍ മെനയണമെന്നും നേതാക്കളോട് അമിത് ഷാ നിര്‍ദേശിച്ചതാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍.

മുന്‍പ് ആറ് ദിവസം നീണ്ടുനിന്ന കാസര്‍ഗോഡ് പത്തനംതിട്ട രഥയാത്രയും ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്നിരുന്നു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള 250 ഓളം പൂര്‍ണസമയ തീവ്ര ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ പങ്കെടുത്ത “റിഫ്രഷര്‍ കോഴ്‌സും” നടത്തിയിരുന്നു.

ശബരിമല വിഷയം മുന്‍നിര്‍ത്തി ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പിയ്ക്ക് ആര്‍.എസ്.എസ് നിര്‍ദേശമുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയ്യപ്പഭക്തരെ ബൂത്ത് തലത്തില്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസ് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ബി.ജെ.പിയ്ക്ക് കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. എന്നാല്‍ ശബരിമല വിഷയം ഇതിന് മുതല്‍ക്കൂട്ടാകുമെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടല്‍.

ശബരിമല വിഷയത്തോടെ ദക്ഷിണേന്ത്യയില്‍ അടിത്തറപാകാന്‍ മികച്ച അവസരമാണ് ലഭിച്ചതെന്ന നിഗമനത്തിലാണ് കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ചേര്‍ന്ന ആര്‍.എസ്.എസിന്റെ ദക്ഷിണേന്ത്യന്‍ യോഗം എത്തിച്ചേര്‍ന്നത്. ശബരിമല പ്രശ്‌നം വലിയ രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രവര്‍ത്തകരോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആഹ്വാനം ചെയ്തിട്ടുണ്ട്.


അലോക് വര്‍മ്മയോട് ചെയ്തത് അനീതി; സുപ്രീം കോടതി നീതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു: സി.ബി.ഐ വിവാദത്തില്‍ മോദി സര്‍ക്കാറിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി


കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ശബരിമലയിലെത്തുന്ന ബഹുഭൂരിപക്ഷം ഭക്തരും. ഈ സംസ്ഥാനങ്ങളിലെ ഓരോ ബൂത്ത് തലത്തിലും ആറ് അയ്യപ്പ ഭക്തരെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവരെ സംഘടിപ്പിച്ച് പ്രചാരണം നടത്താനാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം.

ഗുരുസ്വാമിമാരെ സ്വാധീനിച്ച് ഭക്തരെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

“അയ്യപ്പഭക്തര്‍ എന്നുപറയുന്നത് എല്ലാ ജാതി-മതങ്ങളിലും പെട്ടവരാണ്. അവര്‍ക്ക് വിവിധ രാഷട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ട്. എന്നാല്‍ അവരെ ഒന്നിപ്പിക്കുന്ന ഒരുവിഷയമാണ് അയ്യപ്പനോടുള്ള ഭക്തിയും വിശ്വാസവും. അതുകൊണ്ടുതന്നെ അവര്‍ സുപ്രീംകോടതി വിധിയില്‍ അസ്വസ്ഥരാണ്. ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്.”

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലയിലേയും ഗുരുസ്വാമിമാരുടെ യോഗവും ബി.ജെ.പി നേതൃത്വത്തില്‍ ആലോചിക്കുന്നുണ്ട്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിവ്യു ഹരജി കൊടുക്കാത്തത് മുന്‍നിര്‍ത്തിയായിരിക്കണം പ്രചരണമെന്നും ആര്‍.എസ്.എസ് നിര്‍ദേശമുണ്ട്.

നേരത്തെ ശബരിമല വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. പ്രക്ഷോഭമാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more