മണിപ്പൂരില്‍ വിദ്യാര്‍ത്ഥികളുടെ കൊലപാതകം; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പെന്ന് അമിത് ഷാ
ഇംഫാല്‍: മണിപ്പൂരില്‍ വിദ്യാര്‍ത്ഥികളുടെ ഇരട്ട കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവത്തില്‍ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഗൗരവപരമായാണ് വിഷയം പരിഗണിച്ചിട്ടുള്ളതെന്നും ബിരേന്‍ സിങ് പറഞ്ഞു. സി.ബി.ഐ ഉടന്‍ പ്രതികളെ കണ്ടെത്തുമെന്നും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നും അമിത് ഷാ തന്നെ വിളിച്ചുപറഞ്ഞതായും ബിരേന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
ജൂലൈയില്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. പേടിച്ചിരിക്കുന്ന കൗമാരക്കാരുടെ പിറകില്‍ ആയുധധാരികള്‍ നില്‍ക്കുന്ന ഫോട്ടോയും പിന്നീട് ഇരുവരുടെയും മൃതശരീരങ്ങളുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അഞ്ച് മാസത്തെ ഇന്റര്‍നെറ്റ് വിച്ഛേദം സര്‍ക്കാര്‍ പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന്, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
മെയ്‌തേയ് വിഭാഗത്തിലുള്ള രണ്ട് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി ആയുധധാരികളെന്ന് സംശയിക്കുന്ന ആളുകള്‍ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കേസ് സി.ബി.ഐയെ ഏല്പിച്ചിരിക്കുകയാണ്. സ്‌പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്‌നഗറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇംഫാലില്‍ എത്തിയിരുന്നു.
Content Highlights: Amit Shah vows killers of Manipuri students will be punished