ന്യൂദല്‍ഹി: 1984ല്‍ നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നത് 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
‘1984ലെ കലാപം രാഷ്ട്രീയ പ്രേരിതമായിരുന്നു. സിഖ് വിരുദ്ധതയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തിയ പരിഷ്‌കൃത്യമായ കലാപം. പിന്നീട് ഉണ്ടായ ഓരോ സാഹചര്യങ്ങളും ഇന്ത്യന്‍ ജനത മറക്കുകയില്ല’ ദല്‍ഹിയില്‍ നടന്ന സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
എന്‍.ഡി.എ സര്‍ക്കാര്‍ നിലവില്‍ വരുന്നത് വരെ കലാപവുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അറസ്റ്റുകളും നടന്നിട്ടില്ല. കമ്മിഷന്‍ രൂപീകരിച്ചിരുന്നെങ്കിലും കേസുകളില്‍ അന്വേഷണം ഉണ്ടായില്ല. മോദി ഭരണത്തില്‍ എത്തിയതിന് ശേഷം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ച് കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കി. 300 ഓളം കുറ്റവാളികളെ ജയിലില്‍ അടക്കുകയും ചെയ്തെന്നും ഷാ പറഞ്ഞു.
കലാപത്തില്‍ ഇരകളായ 3328 കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം കൊടുത്തതായും ജാലിയന്‍ വാലാബാഗിന്റെ സ്മാരകം പുതുക്കുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നിര്‍ണായക പങ്കുവഹിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പീഡനത്തിനിരയാവുന്ന സിഖ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും, 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പൂര്‍ണ്ണമായും നടപ്പിലാവാത്തതിനാലാണ് നടപടികള്‍ വൈകുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.