| Monday, 23rd October 2017, 7:38 pm

അമിത് ഷായും മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനില്‍ തുടരുന്നത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ മറികടന്ന്; വീണ്ടും വിവാദത്തിരി കൊളുത്തി ദ വയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും മകന്‍ ജെയ് അമിത് ഷായും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് തുടരുന്നതായി ദ വയര്‍ റിപ്പോര്‍ട്ട്.

2016 സുപ്രീംകോടതി നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ലോധ കമ്മിറ്റി നിര്‍ദേശ പ്രകാരം പ്രസിഡന്റ്, ട്രഷര്‍, ജോയിന്റ് സെക്രട്ടറി എന്നീ പദവികളില്‍ ഒരാള്‍ക്ക് പരമാവധി 3 വര്‍ഷം മാത്രമേ ഇരിക്കാവൂ എന്നും ഒന്നിന് പിന്നാലെ ഒന്നായി പദവികള്‍ വഹിക്കാന്‍ ആവില്ലെന്നും ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്ക് ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഇരിക്കരുതെന്നും പറയുന്നുണ്ട്. ഇതിന് വിരുദ്ധമായാണ് അമിത് ഷായും ജെയ് ഷായും തുടരുന്നത്.

അമിത് ഷാ ഇപ്പോഴും (2014 മുതല്‍) ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ (ജി.സി.എ) പ്രസിഡന്റാണ്. ജെയ് അമിത് ഷായാകട്ടെ 2013 മുതല്‍ ജോയന്റ് സെക്രട്ടറിയുമാണ്. കഴിഞ്ഞ വര്‍ഷം ജി.സി.എയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണെങ്കിലും സുപ്രീംകോടതി ഉത്തരവിന് ശേഷം ഇത് വൈകിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അമിത് ഷായ്ക്കും ഇപ്പോഴുള്ള പദവി ഒഴിയേണ്ടി വരുമെന്നതിനാലാണിത്.

അധികസമയം പദവിയില്‍ ഇരുന്നത് മാത്രമല്ല അമിത് ഷായുടെ അയോഗ്യത. ഈ വര്‍ഷം ആഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിയായി ഷാ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.പിയായിരിക്കെ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമാകാന്‍ ഷായ്ക്ക് കഴിയില്ല.

നിയമലംഘനം നടത്തി തുടരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ വിഷയം സുപ്രീംകോടതിയുടെ പരിധിയിലാണെന്നും ചര്‍ച്ച ചെയ്യുന്നത് അനുചിതമാണെന്നുമാണ് ജെയ് ഷാ ദ വയറിന് മറുപടി നല്‍കിയത്. അതേ സമയം അഭിഭാഷകനെ കണ്ട് മറുപടി അടുത്ത ദിവസം നല്‍കുമെന്നും ഷാ ദ വയറിനോട് പറഞ്ഞു.

അതേ സമയം ദ വയറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമിത് ഷാ തയ്യാറായിട്ടില്ല.

അനധികൃതമായി ബോര്‍ഡുകളുടെ തലപ്പത്ത് തുടരുന്നവര്‍ പദവി ഒഴിയണമെന്ന് സുപ്രീംകോടതി ഉത്തരവനുസരിച്ച് ശരദ്പവാര്‍( മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍), രാജീവ് ശുക്ല (യു.പി ക്രിക്കറ്റ് അസോസിയേഷന്‍), ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍) രണ്‍ജീബ് ബിസ്വാള്‍ (ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍) എന്നിവര്‍ പദവി ഒഴിഞ്ഞിരുന്നു

എന്നാല്‍ അമിത് ഷായും ജാര്‍ഖണ്ഡില്‍ നിന്നുള്ള എം.പിയായ പരിമള്‍ നത്ത്‌വാനിയും (2010 മുതല്‍ ജി.സി.എ, വൈസ്പ്രസിഡന്റ്) പദവിയില്‍ തുടരുകയാണ്. സുപ്രീംകോടതി ഉത്തരവനുസരിച്ച് മൂന്നു പേര്‍ ഗുജറാത്ത് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും രാജിവെച്ചിട്ടുണ്ടെന്നാണ് മറ്റൊരു വസ്തുത. ധീരജ് ജൊഗാനി (ട്രഷറര്‍), കെ.എല്‍ കോണ്‍ട്രാക്ടര്‍ (വൈസ് പ്രസിഡന്റ്) രാജേഷ് പട്ടേല്‍ (സെക്രട്ടറി) എന്നിവരാണ് രാജിവെച്ചിരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചെങ്കിലും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്നും പ്രസിഡന്ററ് ചെയര്‍മാന്‍ എന്നിവരുടെയും ആറ് വൈസ് പ്രസിഡന്റുമാരുടെയും പദവി ഒഴിഞ്ഞു കിടക്കുകയാണ്. ഗുണയില്‍ നിന്നുള്ള എം.പിയായ സിന്ധ്യ ബി.സി.സി.ഐ ഫിനാന്‍സ് കമ്മിറ്റിയില്‍ തുടരുന്നുണ്ടെന്നും പുതിയ ഭരണഘടന നിലവില്‍ വരുന്നതോടെ ഇത് ഇല്ലാതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

We use cookies to give you the best possible experience. Learn more