ന്യൂദൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ ഏക സ്വപ്നം പ്രധാനമന്ത്രി കസേര മാത്രമാണ്. അദ്ദേഹത്തിന് മുന്നിൽ ബി.ജെ.പിയുടെ വാതിൽ എന്നെന്നേക്കുമായി കൊട്ടിയടച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ചമ്പാരൻ ജില്ലയിൽ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“നിതീഷ് കുമാറിന്റെ ഏക സ്വപ്നം പ്രധാനമന്ത്രി കസേരയാണ്. അതിന് വേണ്ടി തന്നെയാണ് നിതീഷ് കുമാർ ബി.ജെ.പി വിട്ട് കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിലെത്തിയതും. മൂന്ന് വർഷം കൂടുമ്പോൾ ഇയാൾക്ക് പ്രധാനമന്ത്രി മോഹം കൂടും. അദ്ദേഹം വികസനവാദിയിൽ നിന്ന് അവസരവാദിയായി മാറി,” അമിത് ഷാ പറഞ്ഞു.
നിതീഷ് കുമാറിന് വേണ്ടി ഒരിക്കലും ബി.ജെ.പി വാതിൽ തുറക്കില്ലെന്നും ഷാ വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉയർന്ന സീറ്റോടെ തന്നെ ബി.ജെ.പി ബിഹാറിൽ അധികാരത്തിലെത്തുമെന്നും ഷാ പറഞ്ഞു.
അതേസമയം ബി.ജെ.പിയെ വിമർശിച്ച് നിതീഷ് കുമാറും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്നാൽ വരുന്ന ഇലക്ഷനിൽ ബി.ജെ.പി നൂറക്കം പോലും കടക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിഹാറിലെ പൂർണിയയിൽ വെച്ച് നടത്തിയ മഹാഘഡ്ബന്ധൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനിന്ന് വരാൻ പോകുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായാൽ ബി.ജെ.പി നൂറ് സീറ്റ് പോലും തികക്കാൻ പോവുന്നില്ല. പക്ഷെ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്.
നിങ്ങൾ എന്റെ നിർദേശം അംഗീകരിച്ചാൽ കാവിപ്പടയെ നമുക്ക് നൂറിനുള്ളിൽ ഒതുക്കാൻ പറ്റും. ഇനി അങ്ങനെയല്ലെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ?