ഗാന്ധിനഗര്‍: രഥയാത്ര ആഘോഷങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രഥയാത്ര നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് കലാപമുണ്ടാകുമെന്ന ഭയമായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം.
‘കോണ്‍ഗ്രസ് ഭരണകാലത്ത് രഥയാത്ര നടത്തുമ്പോള്‍ കലാപമുണ്ടാകുമെന്ന് ആളുകള്‍ ഭയപ്പെട്ടിരുന്നു. ആ സമയത്ത് രഥം എടുക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ ബി.ജെ.പിക്ക് അധികാരം നല്‍കിയതിന് ശേഷം രഥയാത്രയ്ക്കിടെ മോശമായ ഒന്നും ചെയ്യാനുള്ള ധൈര്യം വന്നിട്ടില്ല,’ അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെയും ബി.ജെ.പിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.
രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നുപുര്‍ ശര്‍മയാണെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി നുപുറിനോട് ആവശ്യപ്പെട്ടു.
തനിക്കെതിരായ കേസുകള്‍ ഒന്നായി ദല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും നുപുര്‍ ശര്‍മ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
പ്രവാചകനെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും അതിന് ശേഷം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും കാരണം നുപുര്‍ ശര്‍മയാണെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഗ്യാന്‍വാപി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പോയി എന്തിന് വിഷയം ചര്‍ച്ച ചെയ്തുവെന്നും കോടതി ചോദിച്ചു.
മതത്തോടുള്ള പ്രതിബദ്ധതയല്ല ചര്‍ച്ചയ്ക്ക് പോയതിന്റെ കാരണം, മതസ്പര്‍ധ പടുത്തുവിടലാണെന്നും കോടതി പറഞ്ഞു.
Content Highlight: amit shah slams congress