ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പു നീട്ടാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്മതിച്ചിട്ടുണ്ട്; ആറുമാസംകൂടി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് അമിത് ഷാ
India
ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പു നീട്ടാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്മതിച്ചിട്ടുണ്ട്; ആറുമാസംകൂടി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 1:05 pm

 

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ ആവശ്യപ്പെട്ടു. കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു.

ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് അമിത് ഷാ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. അമര്‍നാഥ് യാത്രയ്ക്കുശേഷമാണ് ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പുകള്‍ നടക്കുകയെന്നും അമിത് ഷാ അറിയിച്ചു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.

ജമ്മുകശ്മീര്‍ രാജ്യാന്തര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പുവരുത്തുന്ന ഭേദഗതി ബില്ലും അമിത് ഷാ സഭയില്‍ അവതരിപ്പിച്ചു. നിയന്ത്രണ രേഖയിലോ, കശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തി മേഖലയിലോ കഴിയുന്നവര്‍ക്ക് 3% സംവരണം നല്‍കുന്നതാണ് ബില്‍. 3.5 ലക്ഷം ആളുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകും.

അന്താരാഷ്ട്ര അതിര്‍ത്തികളില്‍ കഴിയുന്ന കുട്ടികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്.