| Saturday, 7th January 2023, 10:20 pm

2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് മാവോയിസം ഇല്ലാതാക്കാനുള്ള കഠിന ശ്രമത്തിലാണ്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മാവോയിസം ഭീഷണിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മാവോയിസ്റ്റ് അക്രമങ്ങള്‍ കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഛത്തീസ്ഗഡിലെ കോര്‍ബയിലെ ഇന്ദിര സ്റ്റേഡിയത്തില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

ഛത്തീസ്ഗഡ് മാവോയിസ്റ്റ് അക്രമം ബാധിച്ച സംസ്ഥാനമാണ്. കുറ്റകൃത്യങ്ങളുടെയും അഴിമതിയും ഇവിടെ സ്ഥിരമാണ്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍
ഭൂപേഷ് ബാഗെലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി കാണണമെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അപറഞ്ഞു. സംസ്ഥാനത്തെ ഭൂപേഷ് ബാഗെല്‍ സര്‍ക്കാരിനെതിരെയും അദ്ദേഹം സംസാരിച്ചു.

‘അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്ന് ഭൂപേഷ് ബാഗെലിനോട് എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ട്. അഴിമതി വര്‍ധിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്,’ ഷാ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇനി ജനങ്ങള്‍ക്ക് വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയൊട്ടാകെ സമൃദ്ധിക്ക് അടിത്തറ പാകിയെന്നുമാണ് അമിത് ഷാ കഴഞ്ഞ ദിവസം ത്രിപുരയില്‍ പറഞ്ഞത്. കോണ്‍ഗ്രസ് രാജ്യത്ത് നിന്നും കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് നിന്നും അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Amit Shah Says Trying hard to eliminate Maoism before 2024 polls

We use cookies to give you the best possible experience. Learn more