അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തില്‍ നൂറുക്കണക്കിന് മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ സാമൂഹ്യവിരുദ്ധര്‍ നിരന്തരമായി അക്രമങ്ങള്‍ നടത്തിവരികയായിരുന്നെന്നും എന്നാല്‍ 2002ല്‍ അവരെയെല്ലാം പാഠം പഠിപ്പിച്ചെന്നുമാണ് അമിത് ഷാ പറഞ്ഞത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഖേദ ജില്ലയിലെ മഹുദയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 2002ന് ശേഷം ബി.ജെ.പി സംസ്ഥാനത്ത് സമാധാനം സൃഷ്ടിച്ചെന്നും അമിത് ഷാ പറഞ്ഞു.
‘കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് (1995 ന് മുമ്പ്) ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ രൂക്ഷമായിരുന്നു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയു പേരില്‍ വേര്‍തിരിച്ച് പരസ്പരം ഏറ്റുമുട്ടിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചിരുന്നത്.
ഇത്തരം കലാപങ്ങളെ മുതലെടുത്താണ് കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുബാങ്ക് ശക്തമാക്കിയത്. അതിലൂടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ അനീതിക്കിരയാവുകയായിരുന്നു.
പക്ഷെ 2002ല്‍ അത്തരം അക്രമകാരികളെയെല്ലാം ഒരു പാഠം പഠിപ്പിച്ചതോടെ അവര്‍ അക്രമത്തിന്റെ വഴിയെല്ലാം ഉപേക്ഷിച്ചു. 2002 മുതല്‍ ഈ 2022 വരെ അവരാരും പിന്നെ അക്രമത്തിലേക്ക് തിരിഞ്ഞിട്ടില്ല. ബി.ജെ.പിയാണ് ഗുജറാത്തില്‍ സമാധാനം സൃഷ്ടിച്ചത്. വര്‍ഗീയാക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ടാണ് ബി.ജെ.പി ഇത് സാധ്യമാക്കിയത്,’ അമിത് ഷാ പറഞ്ഞു.
2002ലെ കലാപത്തിന് കാരണം അക്രമകാരികള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന നിരന്തരമായ പിന്തുണയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വെച്ച് ട്രെയ്‌നിലെ ബോഗിക്ക് തീവെച്ച സംഭവത്തില്‍ ഹിന്ദു സന്യാസികളായ 58 കര്‍സേവകര്‍ മരിച്ചതിന് പിന്നാലെയാണ് ഗുജറാത്തില്‍ മാസങ്ങള്‍ നീണ്ട കലാപ പരമ്പരകള്‍ നടക്കുന്നത്.
1044 പേര്‍ കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് ഓദ്യോഗിക കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ 740 പേരും മുസ്‌ലിങ്ങളായിരുന്നു. അതേസമയം വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകും നടത്തിയ അന്വേഷണത്തില്‍ മരണസംഖ്യ 2000ത്തിനും മുകളിലാകുമെന്നാണ് കണ്ടെത്തിയിരുന്നത്.
കലാപത്തില്‍ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയരായിരുന്നു. വന്‍ തോതില്‍ കൊള്ളയും നടന്നിരുന്നു.
അഹമ്മദാബാദിലും പരിസരപ്രദേശങ്ങളിലും മൂന്ന് മാസത്തോളമാണ് ഒറ്റപ്പെട്ട കലാപങ്ങള്‍ നടന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ കലാപസംഭവങ്ങള്‍ അരങ്ങേറുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
സംസ്ഥാനത്ത് കലാപത്തിന് തിരികൊളുത്തുന്നതിന് വേണ്ടി ഹിന്ദുത്വ ഗ്രൂപ്പുകള്‍ തന്നെ നടത്തിയ ഗൂഢപദ്ധതിയായിരുന്നു ഗോധ്ര സംഭവമെന്ന് വരെ പിന്നീട് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥകര്‍ക്കും കലാപത്തില്‍ പങ്കുണ്ടെന്നും ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണമുയരുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2012ല്‍ മോദിക്ക് കേസുകളില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചു.
Content Highlight: Amit Shah says they taught everyone a lesson in 2002 in Gujarat