ന്യൂദല്‍ഹി: കര്‍ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂദല്‍ഹിയില്‍ വെച്ചാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും തമ്മില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കര്‍ണാടക ആഭ്യന്തരമന്ത്രി അരാഗ ജ്ഞാനേന്ദ്രയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും ഭരണഘടനാപരമായി തന്നെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാമെന്ന് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതായും അമിത് ഷാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ ഒരു മുതിര്‍ന്ന ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കാമെന്ന നിര്‍ദേശം ഇരു സര്‍ക്കാരുകളും അംഗീകരിച്ചെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്രമസമാധാനനില സംരക്ഷിക്കപ്പെടുമെന്നും തദ്ദേശവാസികള്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ തീരുമാനം വരുന്നത് വരെ ഇരു സംസ്ഥാനങ്ങളും തമ്മില്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സുപ്രീം കോടതിയുടെ തീരുമാനം വരുന്നത് വരെ ഇരു സംസ്ഥാനങ്ങളും അവകാശവാദങ്ങള്‍ ഉന്നയിക്കുകയോ പരസ്പരം പ്രസ്താവനകള്‍ നടത്തുകയോ ചെയ്യില്ല. ഇരു വശത്ത് നിന്നുമുള്ള മൂന്ന് മന്ത്രിമാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കരിക്കാന്‍ നില്‍ക്കരുത്. പ്രശ്‌നപരിഹാരത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെയും സുപ്രീം കോടതിയുടെയും തീരുമാനം വരുന്നത് വരെ നമുക്ക് കാത്തിരിക്കാം. എന്‍.സി.പിയും കോണ്‍ഗ്രസും ഉദ്ദവ് താക്കറെ ഗ്രൂപ്പും ഇതിനോട് സഹകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അമിത് ഷാ പറഞ്ഞു.
അതേസമയം സ്ഥിതി വഷളാക്കുന്നതിന് വേണ്ടി ചില വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ‘രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കളുടെ പേരില്‍ ചില വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വന്നിട്ടുണ്ട്. ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത്തരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അവശ്യ നടപടികള്‍ സ്വീകരിക്കും. അത്തരക്കാരെ പുറത്തുകൊണ്ടുവരും,’ അമിത് ഷാ മാധ്യമങ്ങളെ അറിയിച്ചു.
ബി.ജെ.പിയും ബി.ജെ.പി പിന്തുണയോടെ ശിവസേനയിലെ ഒരു വിഭാഗവും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് എത്രയും വേഗം പ്രശ്‌നപരിഹാരത്തിനായി അമിത് ഷായടക്കമുള്ളവര്‍ ഇറങ്ങി തിരിച്ചത്.
മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം
1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെളഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെളഗാവി, കര്‍വാര്‍, നിപാനി തുടങ്ങിയ 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്ന് മുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.
കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്‌നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും നടന്നിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു.
2022 നവംബറില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് ബസവരാജ ബൊമ്മെ രംഗത്ത് എത്തിയതോടെയാണ് ഇത് ചൂടേറിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് വഴിവെച്ചത്. ഇരു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വാദപ്രതിവാദങ്ങള്‍ സജീവമായി.
എന്നാല്‍ ഡിസംബറില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിലേക്ക് വരെ ഈ തര്‍ക്കം നീണ്ടു. അക്രമങ്ങള്‍ നടന്നതായി ഇരു വിഭാഗവും ആരോപണങ്ങള്‍ ഉന്നയിച്ചു. ഡിസംബര്‍ 13ന് ബെളഗാവിയിലെയും പൂനെയിലെയും പല വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുണ്ടാകുന്നത്.
Content Highlight: Amit Shah says the border dispute between Maharashtra and Karnataka will be settled constitutionally and both Chief Ministers agreed